ടൈം ലൂപ്പിൽ അകപ്പെടുന്ന വിദ്യാർഥിയുടെ കഥ പറഞ്ഞ ക്രൈസ്റ്റ് ഫിലിം ക്ലബിന്റെ ഷോർട്ട് ഫിലിമിന് ദേശീയ അംഗീകാരങ്ങൾ …
തൃശ്ശൂർ : ബാംഗ്ലൂരിലെ സുചിത്ര സിനിമ കൾച്ചറൽ അക്കാഡമിയിൽ ഇന്ത്യൻ ഫിലിം ഹൗസ് സംഘടിപ്പിച്ച ദേശീയതല ഷോർട് ഫിലിം കോൺടെസ്റ്റിൽ ക്രൈസ്റ്റ് കോളേജിന്റെ ഫിലിം ക്ലബ് ആയ കൊട്ടകയുടെ നേതൃത്വത്തിൽ ശ്യാം ശങ്കറും നവനീത് അനിലും ചേർന്ന് നിർമ്മിച്ച് അഭിഷേക് എം. കുമാർ സംവിധാനം ചെയ്ത ‘t’ എന്ന ഷോർട് ഫിലിമിന് 3 അവാർഡുകൾ . മികച്ച നടിക്കുള്ള പുരസ്കാരം മൂന്നാം വർഷ ബി. എസ്. സി. സൈക്കോളജി വിദ്യാർത്ഥിനി സുമയ്യ രാജു നേടി.2020-23 ബാച്ചിലെ സൈക്കോളജി വിദ്യാർത്ഥി ആലാപ് കൃഷ്ണക്കു മികച്ച ഛായാഗ്രാഹകനുള്ള രണ്ടാം സമ്മാനവും മൂന്നാം വർഷ ബി. എസ്. സി. ഫിസിക്സ് വിദ്യാർത്ഥി അഭിഷേക് എം. കുമാറിനു മികച്ച തിരക്കഥയ്ക്ക് രണ്ടാം സമ്മാനവും ലഭിച്ചു. മിലൻ പ്രസാദും ഐശ്വര്യ ജൻസനുമാണ് ഷോർട്ട് ഫിലിമിൻ്റെ സഹസംവിധായകർ. ഫാബിൻ ഫ്രാൻസിസും സുമയ്യ രാജുവുമാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഡമായൊരു ടൈം ലൂപ്പിൽ അകപ്പെടുന്ന കോളേജ് വിദ്യാർത്ഥിയുടെ സംഘർഷങ്ങളും അതിൽനിന്നും പുറത്തു കടക്കാൻ ശ്രമിക്കുമ്പോൾ അവൻ മനസിലാക്കുന്ന ചില യഥാർഥ്യങ്ങളുമാണ് ‘t’ എന്ന ഷോർട് ഫിലിമിന്റെ കേന്ദ്ര പ്രമേയം. ബജറ്റ് ലാബ് എന്ന യൂട്യൂബ് ചാനലിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. രണ്ട് മെഗാ കാറ്റഗറികളിൽ ഉൾപടെ എട്ട് നോമിനേഷനുകൾ ആയിരുന്നു ഷോർട്ട് ഫിലിമിന് ഉണ്ടായിരുന്നത്.