കരുവന്നൂർ കൊള്ളയ്ക്കെതിരെ ആയിരങ്ങൾ പങ്കെടുക്കുന്ന സഹകരണ സംരക്ഷണ പദയാത്രയുമായി കോൺഗ്രസ്സ് ; ബിജെപിയുമായി അന്തർധാര ഉണ്ടാക്കി കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനുള്ള സിപിഎമ്മിന്റെ ശ്രമം അനുവദിക്കില്ലെന്നും ഉപ്പ് തിന്നവരെ മുഴുവൻ വെള്ളം കുടിപ്പിക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് …
ഇരിങ്ങാലക്കുട : സഹകരണ മേഖലയിലെ കൊളളയ്ക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന സഹകരണ സംരക്ഷണ പദയാത്ര . പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചും നടന്ന പദയാത്രയിൽ സഹകരണ മേഖലയിൽ നടന്ന കോടികളുടെ തട്ടിപ്പിന് എതിരെ പ്രതിഷേധമുയർന്നു. കരുവന്നൂർ തട്ടിപ്പിന് ഇരയായി മരിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആരംഭിച്ച പദയാത്ര കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിജെപിയുമായി അന്തർധാര ഉണ്ടാക്കി കരുവന്നൂർ തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾ നടക്കില്ലെന്നും ഉപ്പ് തിന്നവരെ മുഴുവൻ വെള്ളം കുടിപ്പിക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു. കോഫി ഹൗസ് പിറവി കൊണ്ട തൃശൂർ ജില്ല ഇന്ത്യ കണ്ട ഏറ്റവും വലിയ സഹകരണ തട്ടിപ്പിനാണ് വേദിയായിരിക്കുന്നത്. എകെജി യിൽ നിന്നും അഴീക്കോടൻ രാഘവനിൽ നിന്നും മൊയ്തീനിലേക്ക് എത്തുമ്പോൾ സിപിഎം അഴിമതിക്കാരുടെ പാർട്ടിയായി മാറി. പാർട്ടിയെ ഒറ്റിക്കൊടുക്കരുതെന്ന് പറയുന്ന സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്ക് മരണമടഞ്ഞ നിക്ഷേപകരെക്കുറിച്ച് വേവലാതിയില്ലെന്നും പാർട്ടിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്നും കോൺഗ്രസ്സ് നേതാവ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ അധ്യക്ഷത വഹിച്ചു. ടി എൻ പ്രതാപൻ എം പി,സനീഷ് കുമാർ എംഎൽഎ , കോൺഗ്രസ്സ് നേതാക്കളായ പത്മജ വേണുഗോപാൽ, അനിൽ അക്കര ,എം പി വിൻസെന്റ് , എം പി ജാക്സൻ , സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത് , നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, ടി എൻ പ്രതാപൻ എംപി എന്നിവരുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിന്നും ആരംഭിച്ച പദയാത്ര വൈകീട്ട് കളക്ടറേറ്റിന് മുന്നിൽ സമാപിക്കും.
.