ഇരിങ്ങാലക്കുട നഗരസഭയുടെ അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററിൽ മതിയായ സൗകര്യങ്ങൾ എർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ….
ഇരിങ്ങാലക്കുട : നഗരസഭയുടെ വാർഡ് 19 ൽ ഈ മാസം 8 ന് ഉദ്ഘാടനം നടത്തിയ ആരോഗ്യ കേന്ദ്രം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധം. പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 18 ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ച് നിർമ്മിച്ച അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററിനെ ചൊല്ലിയാണ് പ്രതിഷേധം. വാർഡ് കൗൺസിലർ അമ്പിളി ജയന് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ സ്ഥാനം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്ഘാടന വേദി ബിജെപി കൗൺസിലർമാർ ബഹിഷ്ക്കരിച്ചിരുന്നു. ആരോഗ്യ കേന്ദ്രത്തിൽ ഫ്രിഡ്ജ്, മരുന്നുകൾ വയ്ക്കാനുള്ള റാക്ക്, മതിയായ ഫർണിച്ചർ എന്നിവ ഉറപ്പാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഫാർമസിസ്റ്റിന്റെ സേവനം കഴിഞ്ഞ ദിവസം മാത്രമാണ് ഉറപ്പാക്കാൻ കഴിഞ്ഞതെന്നും ധ്യതി പിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബിജെപി നഗരസഭ പാർലമെന്റി പാർട്ടി ലീഡർ സന്തോഷ് ബോബൻ , വാർഡ് കൗൺസിലർ അമ്പിളി , ബിജെപി കൗൺസിലർമാരായ ടി കെ ഷാജുട്ടൻ, ആർച്ച അനീഷ്, വിജയകുമാരി അനിലൻ , സരിത സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.