പട്ടികജാതി കുടുംബങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാർഥികൾക്ക് പഠന മുറികൾ ഒരുക്കാനും ഇരിങ്ങാലക്കുട നഗരസഭയുടെ പദ്ധതി ; ചിലവഴിക്കുന്നത് 65 ലക്ഷം രൂപ …
ഇരിങ്ങാലക്കുട : നിർധനരായ പട്ടികജാതി കുടുംബങ്ങളുടെ വീടുകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിദ്യാർഥികൾക്ക് പഠന മുറികൾ ഒരുക്കാനും നഗരസഭയുടെ പദ്ധതി. 2023 – 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ 65 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുപ്പത് കുടുംബങ്ങൾക്ക് വീടുകൾ വാസയോഗ്യമാക്കാൻ ഒന്നര ലക്ഷം വീതം ലഭിക്കും. സർക്കാർ , എയ്ഡഡ് , സ്പെഷ്യൽ , ടെക്നിക്കൽ , കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ പന്ത്രണ്ട് ക്ലാസ്സ് വരെ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനവും എണ്ണൂറ് ചതുരശ്ര അടി താഴെ മാത്രം വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 120 ചതുരശ്ര അടിയുള്ള മുറികൾ നിർമ്മിക്കാൻ 2 ലക്ഷം രൂപ വീതവുമാണ് അനുവദിക്കുന്നത്. നഗരസഭ പരിധിയിൽ 10 വിദ്യാർഥികൾക്കാണ് പദ്ധതിയുടെ ഭാഗമായി ഫണ്ട് അനുവദിക്കുന്നത്. ഒന്ന് മുതൽ മൂന്ന് മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മിനി ടൗൺ ഹാളിൽ നടന്ന ഗുണഭോക്ത്യ സംഗമം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബിൻ അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയ്സൻ പാറേക്കാടൻ , പട്ടികജാതി വികസന ഓഫീസർ പി യു ചൈത്ര എന്നിവർ സംസാരിച്ചു.