സിപിഎം ചതിച്ചെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ബലിയാടാക്കിയെന്നും കരുവന്നൂർ ബാങ്ക് ഭരണസമിതിയിലെ സിപിഐ പ്രതിനിധികള്‍; സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് വിമർശനം …

സിപിഎം ചതിച്ചെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ബലിയാടാക്കിയെന്നും കരുവന്നൂർ ബാങ്ക് ഭരണസമിതിയിലെ സിപിഐ പ്രതിനിധികള്‍; സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് വിമർശനം …

ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മുന്‍ ഡയറക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. സിപിഎം ചതിച്ചെന്ന് ഡയറക്ടര്‍ ബോര്‍ഡിലെ സിപിഐ അംഗങ്ങള്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സിപിഎം ബലിയാടാക്കിയെന്ന് സിപിഐ പ്രതിനിധികളായിരുന്ന ലളിതനും സുഗതനും പറഞ്ഞു. വലിയ നേതാക്കളെ രക്ഷിക്കാന്‍ വേണ്ടി തങ്ങളെ ബലിയാടാക്കുകയായിരുന്നു. വലിയ ലോണുകള്‍ പാസാക്കിയത് ഭരണസമിതി അറിയാതെയാണ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ ഭരണസമിതി കണ്ടിട്ടില്ല. അതെല്ലാം രഹസ്യമായിട്ടാണ് പാസാക്കിയിരുന്നത്. ഇവ പ്രസിഡന്റ് മാത്രം ഒപ്പിട്ട് മിനിറ്റ്സിൽ എഴുതി ചേര്‍ക്കുകയായിരുന്നു. ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍, ബിജു കരിം എന്നിവര്‍ക്ക് എല്ലാം അറിയാമായിരുന്നു. ശരിക്കും തങ്ങളെ ചതിക്കുകയായിരുന്നു. യാഥാര്‍ഥത്തില്‍ ഈ തട്ടിപ്പുകളില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോള്‍ സിപിഎം നേതാക്കള്‍ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും പറയുന്നു. ജയില്‍ നിന്നിറങ്ങി സഹായം തേടിയപ്പോള്‍ സിപിഐ നേതാക്കളും തള്ളി. ഇരുവരില്‍ നിന്ന് പത്ത് കോടി ഈടാക്കാനാണ് സഹകരണ വകുപ്പ് തീരുമാനം. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി.കെ ചന്ദ്രനായിരുന്നു ബാങ്കിലെ പാര്‍ട്ടി നിയന്ത്രണമെന്നും അവര്‍ ആരോപിച്ചു. ഇഡി അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും കേസില്‍ സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും ഇവര്‍ പറഞ്ഞു. മൂന്ന് പേരാണ് സി.പി.ഐ പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. കിടക്കാന്‍ കിടപ്പാടം പോലും ഇല്ലാ അവസ്ഥയിലാകുമോ എന്ന് ഭയത്തിലാണ് പല ഭരണസമിതി അംഗങ്ങളെന്നും ഇവര്‍ പറഞ്ഞു.

ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും സിപിഐ മുന്‍ ബോര്‍ഡ് അംഗം സുഗതൻ പറഞ്ഞു. ആരോപണമുന്നയിച്ചത് തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി സിപിഎം ജില്ലാ സെക്രട്ടറിയെ സമീപിച്ചിരുന്നു. ഈ സമയം ജില്ലാ സെക്രട്ടറി തന്നോട് ദേഷ്യപ്പെടുകയായിരുന്നു. ഇതോടെ തങ്ങളുടെ നിരപാധിത്വം തെളിയിക്കുവാനും സിപിഎം ന്റെ പങ്ക് വെളിപ്പെടുത്തുന്നതിനായി പത്രസമ്മേളനം വിളിക്കുമെന്നു പറഞ്ഞിരുന്നു. അത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെങ്കിലും അര മണിക്കൂറിനകം ക്രൈം ബ്രാഞ്ച് ഓഫീസില്‍ നിന്നും ഫോണ്‍ വിളി വരുകയായിരുന്നു. ജാമ്യവ്യവസ്ഥ എന്താണെന്ന് അറിയമാമോ എന്ന് ചോദിച്ചായിരുന്നു ഭീഷണി. ഇത് തനിക്കറിയില്ലെന്നും അഭിഭാഷകനാണ് ഇക്കാര്യം അറിയുക എന്ന മറുപടി നല്‍കി ഫോണ്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു. ഇതോടെ പത്രസമ്മേളനം ഉപേക്ഷിക്കുകയായിരുന്നു. താനിപ്പോൾ താമസിക്കുന്നത് വാടക വീട്ടിലാണെന്നും കൂലി പണിഎടുത്താണ് താനും ഭാര്യയുമടങ്ങുന്ന കുടുംബം ജീവിക്കുന്നതെന്നും സുഗതന്‍ പറഞ്ഞു. കരുവന്നൂരില്‍ ഒരു കമ്പനിയില്‍ ദിവസവും 300 രൂപക്കു സെക്യുരിറ്റി പണിയാണ്. മൂര്‍ക്കനാട് ഇടിഞ്ഞു വീഴാറായ 3500 രൂപക്ക് വാടക വീട്ടിലാണ് താമസം. തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതോടെ പാര്‍ട്ടിയും കുടുംബാംഗങ്ങളും തന്നെ കൈവിട്ടു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന താന്‍ കേസ് നടത്തിപ്പിനായി പണം കണ്ടെത്തിയത് കടം വാങ്ങിയാണ്. ഒരു കോടി 20 ലക്ഷത്തിന്റെ ബോണ്ട് അടച്ചാണ് ജാമ്യം ലഭിച്ചത്. മകനോട് ഇക്കാര്യം പറയുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തികിട്ടിയ സമ്പാദ്യമല്ലേ എന്നാണ് മറുപടി. ഇക്കാര്യത്തില്‍ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ മണ്ഡലം കമ്മറ്റിയോടും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവഗണനയായിരുന്നു അനുഭവം. സംസ്ഥാന സെക്രട്ടറിയോട് ഇക്കാര്യം ബോധിപ്പിക്കുബോള്‍ പാര്‍ട്ടി യോഗങ്ങൾ നടക്കുന്നുണ്ടെന്നു മാത്രമായിരുന്നു മറുപടി. തട്ടിപ്പില്‍ പ്രധാനിയായ കിരണിനെ ജയിലില്‍ കഴിയുമ്പോൾ മാത്രമാണ് കണ്ടതെന്നും സുഗതൻ പറഞ്ഞു.

Please follow and like us: