ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ മാത്യ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട വികസന പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബർ 28 ന് …

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ മാത്യ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട വികസന പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബർ 28 ന് …

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ മാത്യശിശു സംരക്ഷണ കേന്ദ്രം രണ്ടാം ഘട്ട വികസനത്തിലേക്ക് .നിലവിൽ 15000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ കേന്ദ്ര ഫണ്ടിൽ നിന്നുള്ള നാലര കോടി രൂപ ചിലവഴിച്ച് 20,000 ചതുരശ്ര അടി കൂടി നിർമ്മിക്കാനാണ് പദ്ധതി. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സെപ്തംബർ 28 ന് 4 മണിക്ക് നടത്താൻ ആശുപത്രിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 30 സി സി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായി. ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും പാർക്കിംഗ് ഫീസ് അഞ്ച് രൂപ ആക്കാനും കാറുകളുടെ പാർക്കിംഗ് ഫീസ് ഇരുപത് രൂപയാക്കാനും യോഗം തീരുമാനിച്ചു. എൻ എച്ച്എം ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം മുടങ്ങിയ വിവരം ആശുപത്രി അധികൃതർ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും ഫണ്ട് ഇതു വരെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിർമ്മാണം മുടങ്ങിയിരിക്കുന്നത്. എട്ട് ലക്ഷത്തോളം രൂപ വൈദ്യുതി, വെള്ളം എന്നിവയിൽ കുടിശ്ശികയുണ്ടെന്നും ഫണ്ട് ഉണ്ടെങ്കിലും ട്രഷറിയിൽ നിന്ന് ബില്ലുകൾ പാസ്സാകാത്ത സാഹചര്യമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. കാന്റീനിന്റെ വികസനവും നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അടങ്ങിയ നിർദ്ദേശം സർക്കാരിലേക്ക് സമർപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. നേഴ്സിംഗ് , സെക്യൂരിറ്റി തസ്തികകളിലേക്ക് കൂടുതൽ നിയമനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , വൈസ്- ചെയർമാൻ ടി വി ചാർലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സൻ പാറേക്കാടൻ, വാർഡ് കൗൺസിലർ പി ടി ജോർജ്‌, എം പി യുടെ പ്രതിനിധി ആന്റോ പെരുമ്പിള്ളി, സമിതി അംഗങ്ങളായ ഡോ കെ പി ജോർജ്ജ്, കെ എസ് പ്രസാദ്, ഷൈജു കുറ്റിക്കാട്ട്, കെ എ റിയാസുദ്ദീൻ , ആശുപത്രി ലേ സെക്രട്ടറി വി വി പ്രഭ തുടങ്ങിയവർ സംസാരിച്ചു. സൂപ്രണ്ട് ഡോ എം ജി ശിവദാസ് സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് ഉമാദേവി നന്ദിയും പറഞ്ഞു.

Please follow and like us: