കെഎസ്ഇബി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാറിനു നേരെ ആക്രമണം; ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ …
ഇരിങ്ങാലക്കുട: കെഎസ്ഇബി ഓഫീസില്‍ ഓവര്‍സീയര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാറിനു നേരെ ആക്രമണം. രാത്രി ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ്റ്റാന്റിനു സമീപം കെഎസ്ഇബി ഓഫീസിനു മുന്നില്‍ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കെഎസ്ഇബി ഡിവിഷനിലെ ഓവര്‍സീയര്‍ കോലഴി സ്വദേശി പട്ടത്ത് വീട്ടില്‍ ജയപ്രകാശി(54)നെ പോലീസ് കസ്റ്റഡയിലെടുത്തു. ഈ ഓഫീസിലെ ഓവര്‍സീയര്‍മാരായ ജയപ്രകാശും സലീസലും തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ഏറെ നേരം നീണ്ട വാക്കു തര്‍ക്കം മറ്റു ജീവനക്കാർ ഇടപ്പെട്ട് അവസാനിപ്പിച്ചിരുന്നു. ഇതിനിടയില്‍ കരുവന്നൂര്‍ സബ്ബ് ഡിവിഷണല്‍ ഓഫീസിലെ അസിസ്റ്റന്റ് എസ്‌കിക്യൂട്ടീവ് എഞ്ചിനീയര്‍ എംഎസ് ഷാജു ഓഫീസ് ആവശ്യവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയിരുന്നു. ഷാജുവിന്റെ കാറും ഓവര്‍സീയറായ സലീലിന്റെ കാറും സാമ്യമുള്ളതായിരുന്നു. ഷാജു ഓഫീസില്‍ നിന്നും മടങ്ങുവാന്‍ കാറില്‍ കയറിയ സമയം ഓവര്‍സീയറായ ജയപ്രകാശ് ഉച്ചത്തില്‍ ബഹളം വച്ച് മരകൊമ്പുകള്‍ വെട്ടുവാനുള്ള വടിവാള്‍ ഉപയോഗിച്ച് കാറില്‍ വെട്ടുകയായിരുന്നു. സലീലാണ് കാറിലുള്ളതെന്ന് തെറ്റിദ്ധരിച്ചാണ് ജയപ്രകാശ് ഇങ്ങനെ ചെയ്തത്. കാറിന്റെ മുന്‍ശവശത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഭീതിയില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം ബഹളം വച്ച് രക്ഷപ്പെടുവാന്‍ ശ്രമിച്ചു. ഇതിനിടയിൽ നാട്ടുകാർ ഗേറ്റ് പൂട്ടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസെത്തി ജയപ്രകാശിനെ കസ്റ്റഡയിലെടുത്തു.