ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങിൽ അർഹമായ പ്രാധാന്യം നൽകിയില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷ വിമർശനം; പ്രതിപക്ഷം അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമയം നഷ്ടപ്പെടുത്തുകയാണെന്ന് ഭരണപക്ഷം ….

ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങിൽ അർഹമായ പ്രാധാന്യം നൽകിയില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷ വിമർശനം; പ്രതിപക്ഷം അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമയം നഷ്ടപ്പെടുത്തുകയാണെന്ന് ഭരണപക്ഷം ….

ഇരിങ്ങാലക്കുട : നഗരസഭയിൽ ആദ്യമായി ആരംഭിച്ച ഹെൽനെസ്റ്റ് സെന്റിന്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി നഗരസഭാ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലർക്കും അർഹമായ സ്ഥാനം കിട്ടിയില്ലെന്ന് നിശ്ചിത അജണ്ടകൾക്ക് മുമ്പായി എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ , ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ എന്നിവർ വിമർശിച്ചു. വെൽനെസ്സ് സെന്ററിൽ ഫാർമസിസ്റ്റ് എത്തിയിട്ടില്ലെന്നും മരുന്നുകൾ വയ്ക്കാൻ റാക്കുകൾ തയ്യാറായിട്ടില്ലെന്നും ധ്യതി പിടിച്ച് ഉദ്ഘാടനം നടത്തേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും വാർഡ് കൗൺസിലർ അമ്പിളി ജയനും കുറ്റപ്പെടുത്തി. നഗരസഭയിൽ സ്റ്റീയറിംഗ് കമ്മിറ്റി യോഗങ്ങൾ ചേരുന്നില്ലെന്നും 41 അംഗ ഭരണസമിതി യുഡിഎഫ് ന്യൂനപക്ഷമാണെന്ന വസ്തുത ആരും മറക്കരുതെന്നും എൽഡിഎഫ് അംഗം സി സി ഷിബിനും ചൂണ്ടിക്കാട്ടി. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മാപ്രാണത്തെ ചാത്തൻ മാസ്റ്റർ ഹാളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അഡ്വ കെ ആർ വിജയയും ഹാൾ വാടകയ്ക്ക് എടുക്കുന്നവർക്ക് ഒരു സ്പൂൺ പോലും നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും ഹാൾ സ്ഥിതി ചെയ്യുന്ന വാർഡിലെ കൗൺസിലർ സാനി സി എം പറഞ്ഞു. വിമർശനങ്ങൾ തുടരുന്നതിനിടയിൽ പ്രതിപക്ഷം അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമയം കളയുകയാണെന്നും അജണ്ടയിലേക്ക് കടക്കണമെന്നും ഭരണകക്ഷി അംഗം എം ആർ ഷാജു ആവശ്യപ്പെട്ടത് യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പ്പോരിൽ കലാശിച്ചു. അജണ്ടകൾക്ക് മുമ്പ് അടിയന്തര വിഷയങ്ങൾക്ക് മാത്രം അവതരണാനുമതി നൽകിയാൽ മതിയെന്ന് ഭരണകക്ഷി അംഗങ്ങളായ ജെയ്സൻ പാറേക്കാടൻ, ബൈജു കുറ്റിക്കാടൻ, ബിജു പോൾ അക്കരക്കാരൻ എന്നിവർ ആവശ്യപ്പെട്ടു. സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് അർഹമായ പ്രാധാന്യം നൽകണമെന്നും പരസ്പര ബഹുമാനത്തോടെയുള്ള ശൈലി സ്വീകരിക്കണമെന്നും തുടർന്ന് സംസാരിച്ച എൽഡിഎഫ് അംഗം അഡ്വ ജിഷ ജോബി ആവശ്യപ്പെട്ടു. താൻ ചുമതല ഏറ്റെടുത്തതിന് ശേഷം മൂന്ന് സ്റ്റീയറിംഗ് കമ്മിറ്റികൾ ചേർന്നിട്ടുണ്ടെന്നും യോഗങ്ങൾ ചേർന്നതിന്റെ മിനിറ്റ്സ് ഉള്ളതാണെന്നും ചാത്തൻ മാസ്റ്റർ ഹാളിലേക്ക് മേശയും കസേരയും വാങ്ങിക്കാൻ തനത് ഫണ്ട് ചിലവഴിക്കുന്നത് സംബന്ധിച്ച് അടുത്ത കൗൺസിലിൽ അജണ്ട വച്ചിട്ടുണ്ടെന്നും ലിഫ്റ്റ് നിർമ്മാണത്തിന് വേണ്ടിയാണ് ചാത്തൻ മാസ്റ്റർ ഹാളിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നതെന്നും വിമർശനങ്ങൾക്ക് മറുപടിയായി ചെയർ പേഴ്സൺ വിശദീകരിച്ചു. ഇനി വരുന്ന പൊതുപരിപാടികളിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് സ്വാഗതവും വാർഡ് തല പരിപാടികളിൽ വാർഡ് കൗൺസിലർക്ക് അധ്യക്ഷ സ്ഥാനവും നൽകാമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.

നഗരസഭയിൽ തുടരുന്ന അനധികൃത നിർമ്മാണങ്ങളും തൊഴിൽ നികുതി, വസ്തു നികുതി എന്നിവ പിരിച്ച് എടുക്കുന്നതിലെ വീഴ്ചകളും ലേലത്തിന് പോകാത്ത നഗരസഭ കെട്ടിടങ്ങളിലെ മുറികളുമെല്ലാം 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലും തുടരുകയാണെന്ന് അൽഫോൺസ തോമസ്, ടി കെ ഷാജു എന്നിവർ ഇത് സംബന്ധിച്ച ചർച്ചയിൽ ചൂണ്ടിക്കാട്ടി. നഗരസഭയോട് ചേർന്നുള്ള കസ്തൂർബാ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമ്മാണ പാളിച്ചകൾ ചൂണ്ടിക്കാട്ടിയ ബിജെപി അംഗം സന്തോഷ് ബോബൻ ,ഷീ ലോഡ്ജിനെയും കാത്തിരിക്കുന്നത് ഇതേ വിധിയായിരിക്കുമെന്നും നഗരസഭ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് എല്ലാം എലിപ്പെട്ടിയുടെ ഛായയാണെന്നും കെട്ടിട നിർമ്മാണത്തിന് പിന്നിൽ ഒരു മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ 25 കൊല്ലമായി നഗരസഭയിൽ യുഡിഎഫ് ഭരണമാണെന്നും പറഞ്ഞു. കിണർ റീചാർജ്ജിംഗ് പദ്ധതിയുടെ നടത്തിപ്പ് വേളയിൽ തന്നെ മഴപ്പൊലിമ എജൻസിയെക്കുറിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അന്നത്തെ ചെയർപേഴ്സൺ യോഗത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും നിയമവിരുദ്ധമായിട്ടാണ് മഴപ്പൊലിമ എജൻസിയുമായി കരാർ ഒപ്പിട്ടതെന്നും നഗരസഭ ഗുണഭോക്താക്കളെ വഞ്ചിക്കുകയായിരുന്നുവെന്നും നഷ്ടപ്പെട്ട തുക എജൻസിയിൽ നിന്ന് തിരിച്ച് പിടിക്കണമെന്നും എൽഡിഎഫ് അംഗം കെ പ്രവീൺ ഇതുമായി ബന്ധപ്പെട്ട ഓഡിറ്റ് പരാമർശങ്ങൾ ചൂണ്ടിക്കാട്ടി വിമർശിച്ചു. സർക്കാർ പെൻഷൻ വാങ്ങിക്കുന്നവർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിക്കുന്ന സാഹചര്യവും ലൈഫ് പദ്ധതി അനർഹരിലേക്ക് എത്തുന്നുണ്ടെന്നും കെ പ്രവീൺ ചൂണ്ടിക്കാട്ടി. ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിക്കാനും മഴപ്പൊലിമയിൽ നിന്ന് നഷ്ടം നികത്താനും നടപടികൾ സ്വീകരിക്കുമെന്ന് ചെയർ പേഴ്സൺ പറഞ്ഞു.

2023 – 24 വർഷത്തെ കുടുംബ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള മുൻഗണനാ പട്ടികയും യോഗം അംഗീകരിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

Please follow and like us: