വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; കേസ്സെടുത്ത് പോലീസ്; ജീവനക്കാരന് സസ്പെൻഷൻ ; പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച് ; കോൺഗ്രസ്സ് കള്ള പ്രചരണങ്ങൾ നടത്തുകയാണെന്ന് ബാങ്ക് അധികൃതർ …
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ആറ് ലക്ഷം തട്ടിയെടുത്ത കേസിൽ പോലീസ് കേസ്സെടുത്തു. ഈ വർഷം ജൂൺ , ജൂലൈ മാസങ്ങളിലായി 167. 33 ഗ്രാം മുക്കുപണ്ടം പണയം വെച്ച് ആറ് ലക്ഷത്തോളം രൂപ വായ്പ എടുത്തതായി ബാങ്കിന്റെ ആഭ്യന്തര പരിശോധനയിൽ വ്യക്തമായതിനെ തുടർന്ന് ബാങ്ക് അധികൃതർ നൽകിയ പരാതിയെ തുടർന്ന് കോണത്തുകുന്ന് സ്വദേശി പ്രണവിനെതിരെയാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരു ബാങ്ക് ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. തട്ടിപ്പ് നടന്നതായി തെളിഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയതായും ഇതുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായും കോൺഗ്രസ്സ് ബാങ്കിന് എതിരെ കള്ള പ്രചരണങ്ങൾ നടത്തുകയാണെന്നും ബാങ്ക് പ്രസിഡണ്ട് കെ പി ജോസ് പത്രക്കുറിപ്പിൽ അറിയിച്ചു.