വരൾച്ച ഭീഷണി; ഇരിങ്ങാലക്കുട മേഖലയിലെ കോൾപ്പാടങ്ങളിൽ കൃഷിയിൽ വിതയ്ക്കൽ രീതി നിർദ്ദേശിച്ച് അധികൃതർ ; അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ…

വരൾച്ച ഭീഷണി; ഇരിങ്ങാലക്കുട മേഖലയിലെ കോൾപ്പാടങ്ങളിൽ കൃഷിയിൽ വിതയ്ക്കൽ രീതി നിർദ്ദേശിച്ച് അധികൃതർ ; അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ…

 

ഇരിങ്ങാലക്കുട : വരൾച്ചയും രൂക്ഷമായ ജലക്ഷാമവും കണക്കിലെടുത്ത് നടീൽ ഒഴിവാക്കി വിതയ്ക്കൽ സമ്പ്രദായത്തെ പിന്തുടരാനും കൃഷിക്കായി ഹ്രസ്വകാല വിത്തിനങ്ങളെ ആശയിക്കാനും ഇരിങ്ങാലക്കുട മേഖലയിലെ കോൾ കർഷകരുടെ യോഗത്തിൽ തീരുമാനം. ചിമ്മിനി അടക്കമുള്ള ഡാമുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനം വെള്ളം കുറവാണെന്നും ലഭ്യമായ വെള്ളം കൃഷിക്കായി പൂർണ്ണമായും ഉപയോഗിക്കാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയ സാഹചര്യത്തിലാണ് നഗരസഭ അധികൃതരുടെ നേത്യത്വത്തിൽ കൃഷി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ മേഖലയിലെ 21 കോൾ പാടശേഖരങ്ങളിൽ നിന്നുള്ള കർഷക പ്രതിനിധികളുടെ അടിയന്തര യോഗം ചേർന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലഭിച്ച മഴ നിലവിലെ വരൾച്ചാ സാഹചര്യങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. കൃഷി ഇറക്കേണ്ട രീതികളെ സംബന്ധിച്ച്

ജില്ലാ ഭരണകൂടം നിർദ്ദേശം നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തടയിണകളുടെ നിർമ്മാണ പ്രവ്യത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വിത്തുകൾ നേരത്തെ തന്നെ ലഭ്യമാക്കണമെന്നും യോഗത്തിൽ കർഷകരിൽ നിന്ന് ആവശ്യമുയർന്നു. അതേ സമയം നടീൽ പ്രവ്യത്തികൾ പൂർണ്ണമായും ഒഴിവാക്കി കൊണ്ടുള്ള കൃഷി രീതി അവലംബിക്കാൻ കഴിയില്ലെന്ന് പാടശേഖര പ്രതിനിധികൾ പറഞ്ഞു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ, കൃഷി അസി. ഡയറക്ടർ എസ് മിനി, ഇറിഗേഷൻ വകുപ്പ് എ ഇ ശാന്തിനി , കൃഷി ഓഫീസർമാരായ എം കെ ഉണ്ണി, ആൻസി, കോൾ വികസന സമിതി ഉപദേശക സമിതി അംഗം മെഹ്ബുബ്, നഗരസഭ കൗൺസിലറും പാടശേഖര പ്രതിനിധിയുമായ ടി കെ ജയാനന്ദൻ ,പി എ പോൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. നഗരസഭ പരിധിയിൽ 21 പാടശേഖരങ്ങളിലായി 550 ഏക്കറിലാണ് കൃഷിയുള്ളത്.

Please follow and like us: