ഡെങ്കിപനി ബാധിച്ച് പറപ്പൂക്കര സ്വദേശിനിയായ യുവതി മരിച്ചു, ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കളുടെ പരാതി; വീഴ്ചയില്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതർ …
ഇരിങ്ങാലക്കുട: ഡെങ്കിപനി ബാധിച്ച് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് മരണമടഞ്ഞ യുവതിയുടെ ബന്ധുക്കളുടെ പരാതി. പറപ്പൂക്കര തൊട്ടിപ്പാള്‍ പുളിക്കല്‍ വീട്ടില്‍ അജിത് കുമാര്‍ ഭാര്യ ഷേര്‍ലി (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മാപ്രാണത്തെ ലാൽ ആശുപത്രിയില്‍ ഷേര്‍ലിയെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഡെങ്കിപനി ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗിക്ക് ആവശ്യമായ ചികിൽസ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കു പരാതി നല്‍കി. ഇരിങ്ങാലക്കുട പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. സംസ്‌കാരം നടത്തി. മക്കള്‍: അഞ്ജിത, അഭിജിത്ത്. എന്നാൽ യുവതിയുടെ മരണത്തില്‍ ചികില്‍സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും കൃത്യമായ ചികിൽസ നൽകിയിരുന്നുവെന്നും ഡെങ്കി പനി സ്ഥിരീകരിക്കുകയും കുറഞ്ഞ രക്തസമ്മർദ്ദമായതിനാൽ കിടക്കയിൽ നിന്ന് എഴുന്നേല്ക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്നും എന്നാൽ കൂട്ടിയിരുപ്പുകാർ ഐ വി സെറ്റ് സഹിതം രോഗിയെ ബാത്ത്റൂമിലേക്ക് കൊണ്ട് പോകുകയും രോഗി അവിടെ വച്ച് അത്യാസന്ന നിലയിൽ ആവുകയും ഐസിയു വിൽ വച്ച് ഹ്യദയസ്തംഭനം ഉണ്ടാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.