ജി 20 ഉച്ചകോടി കരകൗശല ബസാറില്‍ തിളങ്ങും നടവരമ്പിലെ വെള്ളോടുകളുടെ ചാരുത..

ജി 20 ഉച്ചകോടി കരകൗശല ബസാറില്‍ തിളങ്ങും നടവരമ്പിലെ വെള്ളോടുകളുടെ ചാരുത..

 

ഇരിങ്ങാലക്കുട: ജി 20 ഉച്ചകോടിക്കെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ക്ക് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്ന കരകൗശല ബസാറില്‍ ഇരിങ്ങാലക്കുട നടവരമ്പിലെ വെള്ളോടുകളും തിളങ്ങും. ഈ മാസം ഒമ്പത്, 10 തിയ്യതികളിലാണ് ജി 20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനവേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഒരുക്കിയ കരകൗശല ബസാറിലാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നടവരമ്പ് കൃഷ്ണ ബെല്‍മെറ്റല്‍ വര്‍ക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിര്‍മ്മിച്ച വെള്ളോടില്‍ തീര്‍ത്ത കലാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നത്. പല വലുപ്പത്തിലും ആകൃതിയിലും വെള്ളോടില്‍ നിര്‍മിച്ച ഉരുളി, പാചക പാത്രങ്ങള്‍, വാര്‍പ്പ്, ചീനച്ചട്ടി, വിഗ്രഹങ്ങള്‍, വിളക്കുകള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറീസ ആസ്ഥാനമായുള്ള ത്രിവേണി, ബോംബെ ആസ്ഥാനമായുള്ള ശരവണ, കേരളത്തില്‍ നിന്നുള്ള സുരഭി, കൈരളി എന്നീ ബിസിനസ് ഗ്രൂപ്പുകളാണ് പ്രദര്‍ശനത്തിനായി ഇവിടെ നിന്നും കലാവസ്തുക്കള്‍ വാങ്ങിയിരിക്കുന്നത്. ജി 20 യില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഈ സ്ഥാപനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന “ഒരു ജില്ലാ ഒരു ഉല്‍പ്പന്നം “പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിച്ച ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളുമാണ് പ്രദര്‍ശനത്തിലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും ആദിവാസി കരകൗശല വിദഗ്ധരും തയ്യാറാക്കിയ ജ്യോഗ്രഫിക് ഇന്‍ഡെക്‌സ് ടാഗ് ചെയ്ത ഇനങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും ഈ കരകൗശലവിപണി സന്ദര്‍ശിക്കാനും പ്രാദേശികമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും അവസരമുണ്ട്. ഇതിലൂടെ ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രാദേശിക കരകൗശല തൊഴിലാളികള്‍ക്ക് പുതിയ സാമ്പത്തിക വിപണിയുടെ അവസരങ്ങള്‍ തുറക്കുക എന്നുള്ളതും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നുണ്ട്. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ ഏകോപനത്തോടെ ജി 20 സെക്രട്ടേറിയറ്റാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്റെ കീഴിലാണ് നടവരമ്പിലുള്ള ഈ സഹകരണ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 1972 ലാണ് ഈ സ്ഥാപനം സഹകരണ സംഘമായി രൂപീകരിച്ചത്. കെ.ആര്‍. രവിയാണ് 56 പേര്‍ അംഗങ്ങളുള്ള ഈ സംഘത്തിന്റെ പ്രസിഡന്റ് . ടി.എസ്. അമ്പിളിയാണ് സെക്രട്ടറി. കെ.എസ്. ദിലീപ്, കെ.എം. ഹരിദാസ്, പി.വി. അഭിലാഷ്, ടി.വി. സുഭാഷിണി, എ.എസ്. ഷൈനി, സി.സി. ലിജി എന്നിവരാണ് മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. അമ്പലങ്ങളിലേക്കുള്ള വിഗ്രഹങ്ങള്‍, പൂജാ പാത്രങ്ങള്‍, പള്ളികളിലേക്കുള്ള മണികള്‍, വിവിധ തരം വിളക്കുകള്‍, ദീപ സ്തംഭം, ചെമ്പുപാത്രങ്ങള്‍ എന്നിവയാണ് ഇവിടെ പ്രധാനമായും നിർമ്മിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ കിഴക്കേ നടയില്‍ മഞ്ജുളാലിന് മുന്നിലെ 1300 കിലോയോളം തൂക്കം വരുന്ന കൂറ്റന്‍ ദീപസ്തംഭം, ലോക കപ്പ് മത്സര വേളയില്‍ 400 കിലോയോളം തൂക്കമുള്ള മറഡോണയുടെ ശില്‍പം എന്നിവ നിര്‍ മ്മിച്ചത് ഈ സ്ഥാപനമാണ്.

Please follow and like us: