ഇരിങ്ങാലക്കുട നഗരസഭയിൽ കിണർ റീചാർജ്ജിംഗ് പദ്ധതി നടപ്പിലാക്കിയത് സർക്കാർ ഉത്തരവിന് വിരുദ്ധമായ നടപടികളോടെയെന്ന് 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; നഗരസഭ പരിധിയിലെ മൊബൈൽ ടവറുകളുടെ വസ്തു നികുതി കുടിശ്ശിക ഈടാക്കുന്നതിലും വീഴ്ചയെന്ന് റിപ്പോർട്ട് …

ഇരിങ്ങാലക്കുട നഗരസഭയിൽ കിണർ റീചാർജ്ജിംഗ് പദ്ധതി നടപ്പിലാക്കിയത് സർക്കാർ ഉത്തരവിന് വിരുദ്ധമായ നടപടികളോടെയെന്ന് 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; നഗരസഭ പരിധിയിലെ മൊബൈൽ ടവറുകളുടെ വസ്തു നികുതി കുടിശ്ശിക ഈടാക്കുന്നതിലും വീഴ്ചയെന്ന് റിപ്പോർട്ട് …

 

ഇരിങ്ങാലക്കുട : സർക്കാർ ഉത്തരവിന് വിരുദ്ധമായ നടപടികളോടെയാണ് ഇരിങ്ങാലക്കുട നഗരസഭയിൽ കിണർ റീചാർജ്ജിംഗ് പദ്ധതി നടപ്പിലാക്കിയതെന്ന് 2021 – 22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് . പദ്ധതി നടപ്പിലാക്കിയപ്പോൾ സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി നിർവ്വഹണ ഏജൻസിക്ക് നല്കിയ തുകയിൽ നിന്നും നികുതി കുറവ് ചെയ്യുന്നതിന് പകരം ഗുണഭോക്താവിന് നല്കിയ തുകയിൽ നിന്നാണ് നികുതി കുറവ് ചെയ്തിരിക്കുന്നതെന്നും ജിഎസ്ടി രജിസ്ട്രേഷനും പാൻ കാർഡുമില്ലാത്ത എജൻസിയുമായിട്ടാണ് നഗരസഭ പദ്ധതി നടത്തിപ്പിനായി കരാറിൽ എർപ്പെട്ടതെന്നും ഇത് മൂലം ജിഎസ്ടി, ആദായ നികുതി നിയമം എന്നിവ പാലിക്കാൻ സാധിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആദായ നികുതിയിനത്തിൽ കുറവ് വന്ന തുക ഈടാക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വാടകക്ക് നൽകുന്നതിലെ ക്രമക്കേടുകളും ഓഡിറ്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കരട് ബൈലോ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അംഗീകാരം ലഭ്യമായിട്ടില്ലെന്നും വാടകക്ക് നൽകുന്ന കെട്ടിടമുറികൾ സംബന്ധിച്ച് സമഗ്ര വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കസ്തൂർബ വനിത ഷോപ്പിംഗ് കോംപ്ലക്സിൽ 31 മുറികൾ ഉള്ളതിൽ 19 എണ്ണം 2021 – 22 വർഷത്തിൽ പൂർണ്ണമായും ഒഴിഞ്ഞ് കിടക്കുകയാണെന്നും മോഡേൺ ഫിഷ് മാർക്കറ്റിലെ 36 മുറികളിൽ 9 എണ്ണത്തിൽ മാത്രമാണ് വാടകക്കാരുള്ളതായി രേഖപ്പെടുത്തി ക്കാണുന്നതെന്നും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നഗരസഭ കാര്യാലയത്തിന്റെയും സോണൽ കാര്യാലയത്തിന്റെയും പരിധിയിൽ വരുന്ന മൊബൈൽ ടവറുകളുടെ വസ്തുനികുതി കുടിശ്ശിക ഈടാക്കണമെന്നും സോണൽ കാര്യാലയത്തിൽ 2017-18 മുതലും നഗരസഭ കാര്യാലയത്തിൽ 2012-13 വർഷം മുതലും കുടിശ്ശിക നിലവിലുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ഇനത്തിൽ മാത്രം ലക്ഷങ്ങളാണ് പിരിച്ചെടുക്കാനുള്ളത്.

പി എം എ വൈ ലൈഫ് – ഭവന പദ്ധതിയിൽ തുക കൈപ്പറ്റിയ ഇരുപത്തിമൂന്ന് ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തീകരിച്ചിട്ടില്ലെന്നും മരണപ്പെട്ട ശേഷവും ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പെൻഷൻ തുക നിക്ഷേപിക്കപ്പെടുന്ന സാഹചര്യം ഉണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവിധ നിർമ്മാണ പ്രവ്യത്തികളുടെ നടത്തിപ്പിലെയും രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിലെയും അപാകതകൾ റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്. സോണിയ ഗിരി ചെയർപേഴ്സനും മുഹമ്മദ് അനസ് സെക്രട്ടറിയുമായ കാലയളവിലെ പ്രവർത്തനങ്ങളാണ് ഓഡിറ്റ് ചെയ്തിട്ടുള്ളത്. 2020 – 21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ വെളളിയാഴ്ച ചേർന്ന കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നു.

Please follow and like us: