ഗുരുതരപരാമർശങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 2020 – 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; വിമർശനങ്ങളുമായി പ്രതിപക്ഷം …

ഗുരുതരപരാമർശങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 2020 – 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്; വിമർശനങ്ങളുമായി പ്രതിപക്ഷം …

ഇരിങ്ങാലക്കുട: നഗരസഭയുടെ 2020- 21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമര്‍ശങ്ങളില്‍ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. അടിസ്ഥാനപരമായി പരിപാലിക്കേണ്ട രജിസ്റ്ററുകള്‍ ഇല്ലാത്തതും വേണ്ടത്ര സമയം അനുവദിച്ചിട്ടുപോലും ഓഡിറ്റിംഗ് സംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കുവാന്‍ സാധിക്കാതിരുന്നതും ഏറെ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്‍. വിജയ പറഞ്ഞു. ഏറെ വൈകിയെങ്കിലും ഓണാഘോഷ തിരക്കുകള്‍ക്കിടയില്‍ തിരക്കുപിടിച്ച് അടിയന്തരമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതുമൂലം പല അംഗങ്ങള്‍ക്കും വരാന്‍ സാധിച്ചില്ല. ഓഡിറ്റിംഗ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുവാന്‍ കാലതാമസം എടുത്തത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടാണ് ഏറെ പരാതികളാണ് റിപ്പോര്‍ട്ടിലുള്ളത്. അനധികൃത നിര്‍മാണങ്ങളില്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. വൗച്ചറുകള്‍ സൂക്ഷിക്കുന്നില്ലെന്നതും പരിഹരിക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയെന്നും കെ.ആര്‍. വിജയ ആരോപിച്ചു. വാതില്‍മാടം കോളനിയിലെ സംരക്ഷണ ഭിത്തി നിര്‍മാണം, ഷീലോഡ്ജ് നിര്‍മാണം, ചാത്തന്‍ മാസ്റ്റര്‍ ഹാള്‍ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഭരണകക്ഷിയുടെ കഴിവുകേടാണ് തെളിയിക്കുന്നതെന്നു അവര്‍ കൂട്ടിചേര്‍ത്തു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി വാര്‍ഡുകളിലേക്ക് നീക്കിവക്കുന്ന തുക ശരിയായ രീതിയിലല്ലെന്നും നഗരസഭക്ക് സ്വന്തമായി ക്രിമിറ്റോറിയമില്ലെന്നും അതിനുള്ള നടപടികള്‍ 2013 ല്‍ ആരംഭിച്ചെങ്കിലും മുന്നോട്ടു പോകുവാന്‍ സാധിക്കാത്തത് ഭരണപക്ഷത്തിന്റെ ഇച്ഛാശക്തിയില്ലായ്മയാണെന്ന് ബിജെപി അംഗം സന്തോഷ് ബോബന്‍ പറഞ്ഞു. ക്രിമിറ്റോറിയത്തിനായി നീക്കി വച്ച് തുക തിരിച്ചടക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചാത്തന്‍മാസ്റ്റര്‍ ഹാള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍ ടി കെ ജയാനന്ദന്‍ പറഞ്ഞു. സൗകര്യ കുറവുകള്‍ ഏറെയാണ്. ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല, കിണറ്റിലെ വെള്ളം ഉപയോഗ്യമല്ലാത്തതിനാല്‍ വാടകക്കെടുക്കുന്നവര്‍ ടാങ്കില്‍ വെള്ളം കൊണ്ടുവരേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. ചാത്തന്‍ മാസ്റ്റര്‍ ഹാള്‍ നിര്‍മാണത്തിനു വേണ്ടി നീക്കം ചെയ്ത മണ്ണിനെ സംബന്ധിച്ചു പോലും വ്യക്തമായ രേഖയില്ലെന്നുള്ളത് ഓഡിറ്റിംഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ടി വന്നത് ഏറെ ഖേദകരമാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ പറഞ്ഞു. ടാറിംഗ് നടത്തിയ റോഡു പോലും ആസ്തി രജിസ്റ്ററിലില്ല എന്നുള്ള അവസ്ഥയാണ് നഗരസഭയിലുള്ളതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ അംബിക പള്ളിപ്പുറത്ത് പറഞ്ഞു. ക്രിമിറ്റോറിയം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഈ ഭരണസമിതിയുടെ കാലത്തു തന്നെ യാഥാര്‍ഥ്യമാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ പറഞ്ഞു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എബിസി സെന്റര്‍ സര്‍ക്കാര്‍ മൃഗാശുപത്രിക്കു സമീപം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചാത്തന്‍ മാസ്റ്റര്‍ ഹാളില്‍ പലരും ഉന്നയിക്കുന്നത്ര പ്രശ്‌നങ്ങളില്ലെന്നും ഒരു ടൈല്‍ മാത്രമാണ് പൊട്ടിയിട്ടുള്ളതെന്നും ഗുണമേന്മ പരിശോധിക്കുവാന്‍ അസിസ്റ്റന്റ് എന്‍ജിനീയറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കിണറ്റിലെ വെള്ളം ക്ലോറിനേഷന്‍ നടത്തി പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ അഡ്വ. ജിഷ ജോബി, അല്‍ഫോണ്‍സ തോമസ്, ഷെല്ലി വിന്‍സന്റ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Please follow and like us: