ഗുരുസ്മരണയുടെ ധന്യതയിൽ 169 – മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം; നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്ര …
ഇരിങ്ങാലക്കുട : ഗുരുസ്മരണയുടെ ധന്യതയിൽ 169 – മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം. പതാക ഉയർത്തൽ , വിശേഷാൽ പൂജകൾ , പ്രഭാഷണങ്ങൾ, ഘോഷയാത്രകൾ, സമ്മേളനങ്ങൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ നടന്നു. എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ , എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ് , ശാഖായോഗങ്ങൾ, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന വർണാഭമായ ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നടൻ സുരേഷ് ഗോപി ഫ്ളാഗ് ഓഫ് ചെയ്തു. യൂണിയന് കീഴിലെ 85 ശാഖകളിൽ നിന്നും ഇരിങ്ങാലക്കുട, പുത്തൻചിറ , പടിയൂർ, കോണത്തുകുന്ന്, തുമ്പൂർ, മുരിയാട്, കരുവന്നൂർ , കാറളം, കാട്ടൂർ മേഖലകളിൽ നിന്നുള്ളവരും ഗുരുദേവ രഥത്തിന്റെയും താളമേള വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ പങ്കാളികളായി. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ കെ ചന്ദ്രൻ , യോഗം കൗൺസിലർ പി കെ പ്രസന്നൻ , യോഗം ഡയറക്ടർമാരായ കെ കെ ബിനു, സജീവ് കുമാർ കല്ലട, സമാജം പ്രസിഡന്റ് കിഷോർ കുമാർ നടുവളപ്പിൽ , സെക്രട്ടറി വേണു തോട്ടുങ്ങൽ എന്നിവർ നേത്യത്വം നൽകി. ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ സമാപിച്ച ഘോഷയാത്രയ്ക്ക് ശേഷം ചേർന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ മുഖ്യാതിഥി ആയിരുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡുകളും സാഹിത്യ, ചിത്രരചന, പൂക്കള മൽസരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.