ജില്ലയിൽ സ്വകാര്യ ബസ്സുകൾക്കായി എകീകരിച്ച സമയക്രമത്തിന് രൂപം നൽകാൻ അടുത്ത മാസം 12 ന് യോഗം ചേരും; അമിത വേഗതയ്ക്കും തർക്കങ്ങൾക്കും പരിഹാരമായി ഡി ത്രീ സമ്പ്രദായം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകളും തൊഴിലാളി പ്രതിനിധികളും …
ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെ തുടർന്നുള്ള അപകടങ്ങൾക്ക് പരിഹാരമായി ജില്ലയിലെ സ്വകാര്യ ബസ്സുകൾക്ക് പൊതുവായ സമയ ക്രമത്തിന് രൂപം നൽകുന്നത് സംബന്ധിച്ച് അടുത്ത മാസം 12 ന് തൃശ്ശൂർ ആർടിഒ ബസ്സുടമകളുടെയും തൊഴിലാളികളുടെയും യോഗം വിളിക്കും. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെ തുടർന്ന് വർധിച്ച് വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ മാസം 31 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ അധ്യക്ഷതയിലും തുടർന്ന് ആഗസ്റ്റ് 4 ന് ഡിവൈഎസ്പി ഓഫീസിലും നടന്ന യോഗങ്ങളുടെ തുടർച്ചയായിട്ടാണ് നടപടി. എകീകരിച്ച സമയക്രമം ആഗസ്റ്റ് 20 നകം നിർദ്ദേശിക്കാൻ ഇരിങ്ങാലക്കുട ഡിവൈഎസ്പി വിളിച്ച് ചേർത്ത യോഗത്തിൽ ബസ്സുടമകൾക്കും തൊഴിലാളികൾക്കും നിർദ്ദേശം നൽകിയിരുന്നു. റണ്ണിംഗ് ടൈം കുറച്ചാണ് ചില ബസ്സുകൾ സർവീസ് നടത്തുന്നതെന്ന് ഒരു വിഭാഗം ബസ്സുടമകളിൽ നിന്ന് തന്നെ അഭിപ്രായം ഉയർന്നിരുന്നു. ഇതേ തുടർന്ന് ആഗസ്റ്റ് 16 ന് തൃശ്ശൂരിൽ ചേർന്ന ഉടമകളുടെയും തൊഴിലാളി പ്രതിനിധികളുടെ യോഗം 2018 ൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ച ഡി ത്രീ റണ്ണിംഗ് ടൈം വ്യവസ്ഥ ജില്ലയിൽ നടപ്പിക്കാൻ അധികൃതരോട് ആവശ്യപ്പെടാൻ തീരുമാനിക്കുകയായിരുന്നു. റോഡിന്റെ വീതിയും തിരക്കും അനുസരിച്ച് റണ്ണിംഗ് ടൈമിൽ വ്യത്യാസങ്ങൾ വരുന്ന ഡി ത്രീ സർക്കുലർ പ്രതിപാദിക്കുന്ന രീതി നടപ്പിലാക്കിയാൽ അമിത വേഗതയ്ക്കും തർക്കങ്ങൾക്കും പരിഹാരമാകുമെന്ന് ബസ്സുടമകളുടെ പ്രതിനിധികൾ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ജില്ലയിൽ ഡി ത്രീ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ പ്രാഥമിക ചർച്ചയാണ് അടുത്ത മാസം 12 ന് ചേരുന്ന യോഗത്തിൽ നടക്കുകയെന്നും ഇവർ സൂചിപ്പിച്ചു.