എൻജിഒ യൂണിയൻ വജ്ര ജൂബിലി ഭവന നിർമ്മാണ പദ്ധതി ; മുരിയാട് പഞ്ചായത്തിൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി…
ഇരിങ്ങാലക്കുട : കേരള എൻ.ജി.ഒ യൂണിയൻ രൂപീകരണത്തിന്റെ വജ്രജൂബിലി വർഷത്തിൽ സംസ്ഥാനമൊട്ടാകെ അതിദരിദ്രരായ 60 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നല്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിർമ്മിക്കുന്ന അഞ്ച് വീടുകളിൽ ആദ്യ വീടിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ നിർവ്വഹിച്ചു. മുരിയാട് പഞ്ചായത്തിലെ 17-ാം വാർഡിലാണ് വീടൊരുക്കുന്നത്.
മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായ പരിപാടിയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി. പ്രഫുൽ, വാർഡ് മെമ്പർ നിത അർജ്ജുനൻ, ജില്ല പ്രസിഡണ്ട് പി.ബി. ഹരിലാൽ, ജില്ലാ വൈസ് പ്രസിഡണ്ട് ആർ.എൽ.സിന്ധു എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം നന്ദകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി.ആനന്ദ്, കെ.ആർ രേഖ എന്നിവർ സന്നിഹിതരായിരുന്നു. എഴ് ലക്ഷം രൂപ ചിലവിൽ അഞ്ഞൂറ് ചതുരശ്ര അടിയിലുള്ള വീടിന്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തികരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.