കെ – സ്റ്റോർ പദ്ധതിയുടെ രണ്ടാം ഘട്ടം മുരിയാട് പഞ്ചായത്തിൽ ; കേന്ദ്രനയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിക്കൾക്കിടയിലും പണിയെടുത്ത് ജീവിക്കുന്ന എല്ലാ ആളുകൾക്കും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമങ്ങളെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : കേന്ദ്ര നയങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പണിയെടുത്ത് ജീവിക്കുന്ന എല്ലാ ആളുകൾക്കും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.കെ – സ്റ്റോർ പദ്ധതിയുടെ മുകുന്ദപുരം താലൂക്ക് രണ്ടാം ഘട്ട ഉദ്ഘാടനം മുരിയാട് പഞ്ചായത്തിലെ ആനുരുളിയിൽ പ്രവർത്തിക്കുന്ന നമ്പർ 459 റേഷൻ കട പരിസരത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യ വസ്തുക്കൾ എല്ലാവരുടെയും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന പ്രാദേശിക സൂപ്പർ മാർക്കറ്റായി കെ-സ്റ്റോറുകൾ മാറുകയാണ്. ഭാവിയിൽ സർക്കാരിന്റെ എല്ലാ ബ്രാൻഡഡ് ഉൽപന്നങ്ങളും കുടുംബശ്രീ ഉൽപ്പന്നങ്ങളും ഇത് വഴി ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് രതി ഗോപി , മെമ്പർ നികിത , രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മോഹനൻ മാസ്റ്റർ, ടി കെ വർഗ്ഗീസ്, എന്നിവർ ആശംസകൾ നേർന്നു. താലൂക്ക് സപ്ലൈ ഓഫീസർ പി സി നന്ദകുമാർ സ്വാഗതവും റേഷനിംഗ് ഇൻസ്പെക്ടർ വി ജി ബെനീജ് നന്ദിയും പറഞ്ഞു.