കോടതികളിലെ ഇ-ഫയലിംഗ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 24 ന് അഭിഭാഷക ക്ലാർക്കുമാരുടെ ഉപവാസസമരം ..
ഇരിങ്ങാലക്കുട : കോടതികളിലെ ഇ-ഫയലിംഗ് നടപടിക്കെതിരെ ഉപവാസ സമരവുമായി അഭിഭാഷക ക്ലാർക്കുമാർ . ഇ-ഫയലിംഗ് വന്നതോടെ സംസ്ഥാനത്തെ 15000 ത്തോളം വരുന്ന ഗുമസ്തൻമാരുടെ തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണെന്നും ഇ-ഫയലിംഗിനൊപ്പം ഫിസിക്കൽ ഫയലിംഗ് നിലനിറുത്തണമെന്നും കീഴ്ക്കോടതികളിൽ ഇ-ഫയലിംഗ് ഒഴിവാക്കണമെന്നും പകർപ്പപേക്ഷകൾ പൂർണ്ണമായും ഫിസിക്കൽ ഫയലിംഗ് ആക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള ലായേഴ്സ് ക്ലാർക്ക്സ് അസോസിയേഷന്റെ നേത്യത്വത്തിൽ ആഗസ്റ്റ് 24 ന് സംസ്ഥാനത്തെ എല്ലാ കോടതി കേന്ദ്രങ്ങളിലും ഉപവാസ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് സതീശൻ തലപ്പുലത്ത്, സെക്രട്ടറി കെ എൽ സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 24 ന് രാവിലെ കോടതി സമുച്ചയത്തിന്റെ മുൻവശത്തായി നടത്തുന്ന ഉപവാസ സമരം മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ നേതാക്കൾ, ബാർ അസോസിയേഷൻ പ്രതിനിധികൾ, അഭിഭാഷക സംഘടനാ നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന ട്രഷറർ ഷാജു കാട്ടുമാത്ത്, സംസ്ഥാന വൈസ് – പ്രസിഡണ്ട് സി ഡി പ്രദീപൻ , ജില്ലാ സെക്രട്ടറി സി ടി ശശി, സംസ്ഥാന കൗൺസിൽ അംഗം പി സി രാജീവ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.