കണിമംഗലം അപകടം ; കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള റോഡിലെ നിർമ്മാണ പ്രവൃത്തികള്‍ നാളെ തുടങ്ങും; 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം; നാളെ മുതൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണം …
തൃശ്ശൂർ : ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ കെഎസ്ടിപി റോഡില്‍ കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ 45 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച രാവിലെ ഉണ്ടായ കണിമംഗലം ബസ്സപകടത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കരാര്‍ കമ്പനിയായ ഗവാര്‍ ആറ്റ്കണിന് ദുരന്തനിവാരണ നിയമ പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ നോട്ടീസ് നൽകി.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ എട്ടിന് ചേര്‍ന്ന അവലോകന യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ കരാറുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇന്നലെയുണ്ടായ ബസ്സപകടത്തിലേക്ക് നയിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലിംന മനോജ്, വിനേഷ് തയ്യില്‍, എബി വര്‍ഗീസ്, രാഹുല്‍നാഥ്, തഹസില്‍ദാര്‍ ടി ജയശ്രീ, തൃശൂര്‍ എസിപി കെ കെ സജീവ്, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കെ കെ സുരേഷ് കുമാര്‍, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് എം അഷ്‌റഫ്, മറ്റ് ഉദ്യോഗസ്ഥര്‍, കരാര്‍ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ് അടിയന്തരമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനമായതോടെ നാളെ മുതല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുപ്രകാരം, തൃശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച ഒരു വശത്തുകൂടി കടത്തിവിടും. കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേക്കുള്ള വാഹനങ്ങള്‍ പാലക്കല്‍ കണിമംഗലം പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് നസ്രാണി പാലം വഴി ചിയ്യാരം ജംഗ്ഷന്‍, ആല്‍ത്തറ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആലും വെട്ട് വഴി കൂര്‍ക്കഞ്ചേരി ജംഗ്ഷനില്‍ എത്തി കൊക്കാല, കെ എസ് ആര്‍ ടി സി വഴി നഗരത്തില്‍ പ്രവേശിക്കും. ഗുഡ്‌സ് വാഹനങ്ങളും തൃശൂരിലേക്ക് നേരിട്ടുള്ള മറ്റു വാഹനങ്ങളും പൂച്ചിനി പാടം ജംഗ്ഷന്‍- ആനക്കല്ല് – ഒല്ലൂര്‍ വഴി നഗരത്തിലെത്തും.
ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുടെയും കരാര്‍ കമ്പനി ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. ബസ് റൂട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആര്‍ടിഒ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.