എടതിരിഞ്ഞിയിൽ വയോധികയുടെ സ്വർണ്ണമാല കവർന്ന കേസിൽ വടകര സ്വദേശിയായ യുവാവ് അറസ്റ്റിൽ …
ഇരിങ്ങാലക്കുട : എടതിരിഞ്ഞിയിൽ വയോധികയുടെ സ്വർണ്ണ മാല കവർന്ന പ്രതി അറസ്റ്റിലായി.
വടകര കണ്ണൂക്കര സ്വദേശി സരോഷിനെയാണ് (28 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, കാട്ടൂർ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവർ അറസ്റ്റു ചെയ്തത്. ഈ മാസം മൂന്നാം തിയ്യതിയാണ് എടതിരിഞ്ഞി സ്വദേശിയായ അറുപത്തിയഞ്ചുകാരിയുടെ മൂന്നു പവനോളം തൂക്കമുള്ള സ്വർണ്ണ മാല വീടിനടുത്തുള്ള വഴിയിൽ വച്ച് സ്കൂട്ടറിലെത്തിയ പ്രതി വലിച്ചു പൊട്ടിച്ചെടുത്തത്. പ്രതിയുടെ പെട്ടന്നുള്ള ആക്രമണത്തിൽ ഇവർക്ക് വീണു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭയന്നു പോയ ഇവർ നിലവിളിച്ചപ്പോഴേക്കും പ്രതി മിന്നൽ വേഗത്തിൽ സ്കൂട്ടറിൽ കടന്നു കളഞ്ഞിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഊർജ്ജിതമായ അന്വേഷണമാണ് നടത്തിയത്. ബാംഗ്ലൂരിൽ ജോലിയുള്ള പ്രതി കഴിഞ്ഞ മാസം അവസാനമാണ് നാട്ടിലെത്തിയത്. ഓൺ ലൈൻ ട്രേഡിങ്ങിലൂടെ പണം നഷ്ടപ്പെട്ട തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ മോഷണത്തിന് ഇറങ്ങിയെന്നാണ് ചോദ്യം ചെയ്യലിൽ പറഞ്ഞത്.
പല തരത്തിലുള്ള ഷർട്ടും ബനിയനുകളും മാസ്കുകളുമെടുത്ത് ഈ മാസം രണ്ടാം തിയ്യതി വീട്ടിൽ നിന്ന് ഇറങ്ങിയ സരോഷ് കോഴിക്കോട് എത്തി പല സ്ഥലങ്ങളിലായി കറങ്ങി നടന്നു. മാല പൊട്ടിക്കാനായി ഒരു ഇരുചക്ര വാഹനം മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതേ സമയത്താണ് ചാലപ്പുറത്ത് ഡോക്ടറെ കാണാനെത്തിയ തിരുവണ്ണൂർ സ്വദേശിയായ വീട്ടമ്മ തിരക്കിനിടയിൽ സ്കൂട്ടറിൽ നിന്ന് താക്കോലെടുക്കാൻ മറന്ന് ഡോക്ടറുടെ വീട്ടിലേക്ക് കയറിപ്പോയത്. ഇടവഴികൾ കയറിയിറങ്ങി അതു വഴി വരികയായിരുന്ന സരോഷ് താക്കോലോടെ പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടർ കണ്ടതോടെ അതിൽ കയറി സ്ഥലം വിടുകയായിരുന്നു. അവിടെ നിന്ന് പല സ്ഥലങ്ങളിലൂടെ കറങ്ങി ഗുരുവായൂരിൽ എത്തിയ ഇയാൾ രാത്രി പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്ത് മുറിയെടുത്ത് തങ്ങി. പിറ്റേന്ന് പുതുവസ്ത്രങ്ങണിഞ്ഞ് ഇറങ്ങി. വഴിയിൽ വച്ച് നമ്പർ തിരുത്തി, ഇടയ്ക്ക് വീണ്ടും വസ്ത്രം മാറി. ഇങ്ങനെ പോലീസ്പിടിക്കാതിരിക്കാൻ പലതരത്തിൽ വേഷം മാറിയെങ്കിലും പോലീസിന്റെ ശ്രമകരമായ പരിശ്രമമാണ് ഏഴു ദിവസം കൊണ്ട് ഫലം കണ്ടത്. വ്യാഴായ്ച രാവിലെയാണ് ഇൻസ്പെക്ടർ ജയേഷ് ബാലൻ, എ.എസ്.ഐ. ശ്രീജിത്ത്,സീനിയർ സി പി.ഒ മാരായ ഇ.എസ്. ജീവൻ , ധനേഷ്, ചോമ്പാല സ്റ്റേഷനിലെ സീനിയർ സി.പി. ഒ സുമേഷ് എന്നിവർ ഇയാളെ വടകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. രാത്രി ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കിയ ശേഷമാണ് പുലർച്ചെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ കള്ളത്തരങ്ങൾ എല്ലാം തുറന്നു പറഞ്ഞ പ്രതി പോലീസിനോട് തിരിച്ച് ഒരു ചോദ്യവും ചോദിച്ചു.
ഇത്രയധികം മുൻകരുതലുകൾ എടുത്തിട്ടും എങ്ങനെയാണ് പോലീസ് പിൻതുടർന്നെത്തി തന്നെ പിടികൂടിയതെന്നാണ് ഇയാൾ ചോദിച്ചു കൊണ്ടിരുന്നത്.
ബാംഗ്ലൂരിൽ എയർഫോഴ്സ് ഹോസ്പിറ്റലിൽ മെഡിക്കൽ അസിസ്റ്റന്റാണ് ഇയാൾ.
വളരെ ചെറുപ്പത്തിലെ ജോലി ലഭിച്ചെങ്കിലും കൂടുതൽ സമ്പന്നനാക്കാൻ ഓൺലൈൻ ട്രേഡിംഗിലേക്ക് കടക്കുകയായിരുന്നു. ആദ്യം ലാഭം കിട്ടിയെങ്കിലും പിന്നീട് വലിയ ധനനഷ്ടമുണ്ടായി. ഈ ബാധ്യത തീർക്കാനാണ് മോഷണത്തിനിറങ്ങിയത്.മാല പൊട്ടിച്ച ശേഷം പറവൂർ വഴി ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി സ്കൂട്ടർ അവിടെ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് വടകരയിലെത്തി ഒരു കടയിൽ മാല വിറ്റു. ഈ സ്വർണ്ണം അന്വേഷണ സംഘം കണ്ടെടുത്തു , സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജുവിന്റെ നേതൃത്വത്തിൽ
കാട്ടൂർ ഇൻസ്പെക്ടർ ജയേഷ് ബാലൻ, എസ്.എ. എം.ഹബീബ്, എ.എസ്.ഐ. കെ.എസ്.ശ്രീജിത്ത്, സീനിയർ സി.പി.ഒ. പി.ടി.വിജയൻ, ഇ.എസ്. ജീവൻ , സി.ജി.ധനേഷ് വി.എസ്.ശ്യാം, കെ.എസ്. ഉമേഷ്, സൈബർ വിദഗ്ദൻ മനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന്.
.