യുവാവിനെ അക്രമിച്ച് കാറും പണവും വെളിച്ചെണ്ണയും കവർന്ന കേസിൽ മുഖ്യപ്രതിയായ തുറവൻകാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ …
ഇരിങ്ങാലക്കുട : യുവാവിനെ വധിക്കാൻ ശ്രമിച്ച് കാറും 38650 രൂപയും 61 ബോട്ടിൽ വെളിച്ചെണ്ണയും കവർന്ന കേസ്സിലെ മുഖ്യപ്രതി തുറവൻകാട് പുതുക്കാട്ടിൽ സഞ്ജു ( 25 ) എന്നയാളെ ജില്ലാ പോലീസ് മേധാവി എൌശ്വര്യ ഡോംഗ്രേ ഐപിഎസിന്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജുവും, സി ഐ അനിഷ് കരീമും സംഘവും അറസ്റ്റ് ചെയ്തു.ആഗസ്റ്റ് 4 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.എസ് എൻ പുരം സ്വദേശിയായ യുവാവിനെ കെട്ടുച്ചിറ കളളുഷാപ്പിനു സമീപം വച്ചാണ് ഒട്ടേറെ ക്രിമിനൽ കേസ്സുകളിൽ പ്രതികളായ സംഘം വധിക്കാൻ ശ്രമിച്ച് കാറും രൂപയും വെളിച്ചെണ്ണയും കവർന്നത്. പ്രതികൾ എല്ലാവരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്.സംഭവത്തിന് ശേഷം പ്രതികൾ പല വഴിക്ക് പിരിഞ്ഞ് ഒളിവിൽ കഴിഞ്ഞ് വരികയാണ്. പ്രതികൾക്ക് പണത്തിന്റെ ആവശ്യമുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം പണം ആവശ്യപ്പെട്ട് ബന്ധുവീടുകളിൽ സമീപിക്കാൻ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അങ്കമാലിയിലെ സഞ്ജുവിന്റെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് പോലീസ് പ്രതിയെ പിടികൂടിയത്.ഈ കേസ്സിൽ ഉൾപ്പെട്ട മറ്റു പ്രതികളുടെ ഒളിവിൽ കഴിയുന്ന സ്ഥലത്തെ പറ്റി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ഷാജൻ എം എസ്, എൻ കെ അനിൽ കുമാർ , കൃഷ്ണപ്രസാദ്, ജയകൃഷ്ണൻ ,ഉദ്യോഗസ്ഥരായ സൂരജ്ദേവ്, ഉമേഷ്, മിഥുൻ കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.