തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത ; കർശന നടപടികൾ ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ; വികസന സമിതി യോഗങ്ങൾ പ്രഹസനമാകുന്നുവെന്നും വിമർശനം ..
ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയെക്കുറിച്ചും റൂട്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം.നിശ്ചിത അജണ്ടകളുടെ ചർച്ചകൾക്ക് ശേഷം കോൺഗ്രസ്സ് പ്രതിനിധി ആന്റോ പെരുമ്പിള്ളിയാണ് വിഷയം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കണമെന്നും റൂട്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിലെ വീഴ്ചകൾ സംബന്ധിച്ച് മറുപടികൾ ലഭിക്കുന്നില്ലെന്നും താലൂക്ക് സമിതി യോഗങ്ങൾ പ്രഹസനമായി മാറിയ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കരുവന്നൂരിൽ വച്ച് അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സിൽ നിന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന താനും ഡ്രൈവറും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ വെളിപ്പെടുത്തി. അമിത വേഗത്തിൽ ഓടുന്ന വണ്ടികളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കണമെന്നും ബ്ലോക്ക് പ്രസിഡന്റ് ആവശ്യപ്പെട്ടു. അപകടരമായ ഡ്രൈവിംഗ് തന്നെയാണ് പലപ്പോഴും നടക്കുന്നതെന്നും തെളിവും പരാതിയും ഉണ്ടെങ്കിൽ കർശന നടപടികൾ തന്നെ സ്വീകരിക്കാമെന്നും എന്നാൽ ചില കേസുകളിൽ രാഷ്ട്രീയ, യൂണിയൻ ഇടപെടലുകൾ തടസ്സമായി മാറുകയാണെന്നും യോഗത്തിൽ പങ്കെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അമിത വേഗതയുടെ പേരിൽ എത്ര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കണമെന്ന് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയും ആവശ്യപ്പെട്ടു. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ കെഎസ്ടിപി ഉദ്യോഗസ്ഥൻ യോഗത്തിന് എത്താതിരുന്നതും വിമർശനവിധേയമായി. യോഗവിവരം അറിയിച്ചിരുന്നതായി മന്ത്രിയുടെ പ്രതിനിധി വിശദീകരിച്ചു. റോഡ് നവീകരണ പ്രവൃത്തികളെ തുടർന്ന് വെള്ളാങ്ങല്ലൂർ ജംഗ്ഷനിൽ പോലീസിനെ ഡ്യൂട്ടിക്ക് ഇടാമെന്ന് ജൂണിലെ സമിതി യോഗത്തിൽ നല്കിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും നാലമ്പല വാഹനങ്ങളുടെ തിരക്കിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളായിയിരിക്കുകയാണെന്നും വിമർശനം ഉയർന്നു.
താലൂക്ക് ആശുപത്രിയിൽ ഫൊറൻസിക് സർജന്റെ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ ഇടപെടലുകൾ വേണ്ടി വരുമെന്നും അനുബന്ധ തസ്തികകളും സ്യഷ്ടിച്ചാൽ മാത്രമേ പോലീസ് സർജന്റെ സേവനം കൃത്യമായി പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂവെന്നും ആശുപത്രി സൂപ്രണ്ട് ഡോ ശിവദാസ് ചൂണ്ടിക്കാട്ടി. താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തിയെന്ന് പ്രഖ്യാപനമുണ്ടെങ്കിലും രേഖകളിൽ താലൂക്ക് ആശുപത്രിയായി തുടരുകയാണെന്നും സൂപ്രണ്ട് പറഞ്ഞു.
പട്ടയ അസംബ്ലിക്ക് ശേഷം ലഭിച്ച അപേക്ഷകൾ സംബന്ധിച്ച് വിവര ശേഖരണത്തിന് വില്ലേജ് ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി തഹസിൽദാർ അറിയിച്ചു. അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ താലൂക്ക് അടിസ്ഥാനത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു . നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എസ് തമ്പി , സീമ പ്രേംരാജ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.