സ്വകാര്യ ബസ്സുകളുടെ അമിത വേഗത ; ജനപ്രതിനിധികൾക്കും രക്ഷയില്ല; ബ്ലോക്ക് പ്രസിഡണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് …
ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയിൽ നിന്ന് ജനപ്രതിനിധികൾക്കും രക്ഷയില്ല. അമിത വേഗതയിൽ എത്തിയ ബസ്സിന്റെ മുന്നിൽ നിന്ന് കാറിൽ തൃശ്ശൂരിലെ യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ബസ്സുകളുടെ അമിത വേഗത സംബന്ധിച്ച ചർച്ചയ്ക്കിടയിൽ ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. കരുവന്നൂർ വലിയ പാലം കടന്ന് ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന തങ്ങൾ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലേക്ക് തെറ്റായ ദിശയിൽ അലിനാസ് എന്ന സ്വകാര്യ ബസ്സ് വരികയായിരുന്നുവെന്നും ഡ്രൈവർ വണ്ടി പെട്ടെന്ന് ഒതുക്കിയത് കൊണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും സംഭവം സ്യഷ്ടിച്ച നടുക്കത്തിന്റെ ഓർമ്മയിൽ പ്രസിഡണ്ട് യോഗത്തിൽ പറഞ്ഞു. യോഗത്തിന് ശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് അനുസരിച്ച് എത്തിയ ബസ്സ് ഡ്രൈവർ ഷമീർ മാപ്പാക്കണമെന്നും രണ്ട് മക്കളുണ്ടെന്നും പ്രസിഡണ്ടിനോട് പറഞ്ഞു. പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.