പുതിയ സമയക്രമം നിർദ്ദേശിക്കാൻ സ്വകാര്യ ബസ്സുടമകളുടെ സംഘടനകൾക്ക് ഇരിങ്ങാലക്കുട ഡിവൈ എസ്പി വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനം ; മൽസരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കാനും തീരുമാനം …
ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി എകീകരിച്ച സമയക്രമം നിശ്ചയിക്കാൻ ബസ്സുടമകളോട് ആവശ്യപ്പെട്ട് ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജു വിളിച്ച് ചേർത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്കും ലോക്കൽ ബസ്സുകൾക്കും ജില്ലാ അടിസ്ഥാനത്തിൽ തന്നെ പുതിയ സമയക്രമം സംബന്ധിച്ച് ധാരണയിൽ എത്തി ഈ മാസം 20 ന് മുമ്പ് ആർടിഎ യ്ക്ക് നിർദ്ദേശം സമർപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ മൽസരയോട്ടത്തിനെ തുടർന്ന് വർധിച്ച് വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർദ്ദേശിച്ചതനുസരിച്ചാണ് റൂട്ടിൽ ഓടുന്ന ബസ്സുടമകളുടെയും ജീവനക്കാരുടെയും യോഗം ഡിവൈഎസ്പി ഓഫീസിൽ വിളിച്ച് ചേർത്തത്. മൽസരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കാനും മദ്യപിച്ച് വണ്ടി ഓടിക്കുന്നവരുടെ പേരിൽ നടപടികൾ സ്വീകരിക്കാനും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് മുതൽ ഠാണാ വരെയുള്ള മെയിൻ റോഡിൽ ഒരു വശത്ത് മാത്രമുള്ള പാർക്കിംഗ് ഉറപ്പു വരുത്താനും സ്റ്റാന്റിൽ നിന്നും ഠാണാവിലേക്കുള്ള സർവീസിന് ഇടയിൽ വണ്ടി വിവിധയിടങ്ങളിൽ നിറുത്തി യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കാനും നടപടികൾ സ്വീകരിക്കും. കൂടുതൽ പാർക്കിംഗ് സമയം ഉള്ള വണ്ടികൾക്ക് ബൈപ്പാസ് റോഡിൽ പാർക്കിംഗ് അനുവദിക്കുന്നത് സംബന്ധിച്ച് നഗരസഭ അധികൃതരുമായി ചർച്ച ചെയ്യും. സ്റ്റാന്റിൽ വിദ്യാർഥികളെ വരിയായി നിറുത്തി കയറ്റുന്നത് ഒഴിവാക്കണമെന്നും ബസ്സുകളിൽ അംഗ പരിമിതർക്കും മുതിർന്ന പൗരൻമാർക്കുമുള്ള സീറ്റ് സംവരണം ഉറപ്പാക്കണമെന്നും ഡിവൈഎസ്പി യോഗത്തിൽ ആവശ്യപ്പെട്ടു. വണ്ടികളുടെ അമിത വേഗതയെ തുടർന്നുള്ള അപകടങ്ങൾ വർധിച്ച് വരികയാണെന്നും ഇരുചക്ര വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കുറഞ്ഞ സമയം എടുത്ത് ഓടുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ചർച്ചക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ കെ വി രാജു വ്യക്തമാക്കി. അമിത വേഗത എന്ന കാര്യത്തിൽ തർക്കമില്ലെന്നും റൂട്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സമയത്തിൽ പുനക്രമീകരണം ഇല്ലാത്തതും പരിധി വിട്ട് ലിമിറ്റഡ് സ്റ്റോപ്പുകൾക്ക് പെർമിറ്റ് നൽകി കൊണ്ടിരിക്കുന്നതും പതിനെട്ട് കൊല്ലങ്ങൾക്ക് മുമ്പ് അനുവദിച്ച റണ്ണിംഗ് ടൈമിലാണ് വണ്ടികൾ ഓടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം എസ് പ്രേംകുമാർ പറഞ്ഞു. എന്നാൽ നിശ്ചയിച്ച സമയ ക്രമത്തിൽ നിന്ന് കുറഞ്ഞ സമയത്തിന് വണ്ടികൾ ഓടുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ശിൽപ്പി ബസ്സ് ഉടമയിൽ നിന്ന് അഭിപ്രായം ഉയർന്നു.
ചേർപ്പ് സി ഐ സന്ദീപ്, ഇരിങ്ങാലക്കുട എസ് ഐ എം എസ് ഷാജൻ, എഎസ്ഐ എൻ കെ അനിൽകുമാർ , കാട്ടൂർ എസ് ഐ ഹബീബ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.