ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ഖരമാലിന്യപരിപാലന പദ്ധതി ; 1.86 കോടി രൂപയുടെ എട്ട് പദ്ധതികൾക്ക് നഗരസഭ യോഗത്തിന്റെ അംഗീകാരം; കൂടൽമാണിക്യ ദേവസ്വവുമായി ബന്ധപ്പെട്ട ബിജെപി അംഗത്തിന്റെ പരാമർശത്തെ ചൊല്ലി യോഗത്തിൽ വാഗ്വാദം …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ഖരമാലിന്യപരിപാലന പദ്ധതികൾക്ക് നഗരസഭയോഗത്തിന്റെ അംഗീകാരം. 1.86 കോടി രൂപയുടെ എട്ട് പദ്ധതികളാണ് ബുധനാഴ്ച രാവിലെ ചേർന്ന അടിയന്തര നഗരസഭ യോഗം അംഗീകരിച്ചത്. മാലിന്യങ്ങൾ വലിച്ചെറിയുന്നതായി കണ്ടെത്തിയിട്ടുള്ള നഗരസഭ പരിധിയിലെ നാല്പത് കേന്ദ്രങ്ങളിൽ സിസി ക്യാമറകൾ സ്ഥാപിക്കൽ, ഹരിത കർമ്മസേനക്ക് എട്ട് ഇ- ഓട്ടോ , മാലിന്യ ശേഖരണത്തിന് ടിപ്പർ , ഹിൽ പാർക്കിൽ ഓഫീസ്, അടുക്കള, ടോയ്ലറ്റ് എന്നിവയ്ക്കായി കെട്ടിട നിർമ്മാണം, വുഡ് ഷ്രെഡ്ഡർ മെഷീൻ തുടങ്ങിയ പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ആളുകൾ കൂടുന്ന ക്ഷേത്രം , പള്ളി , കമ്പനികൾ തുടങ്ങിയ ഇടങ്ങളിലും പ്രസ്തുത സംവിധാനങ്ങൾ വേണമെന്നും ശ്രീ കൂടൽമാണിക്യം ദേവസ്വം പറമ്പിൽ ആനപ്പിണ്ടവും പ്ലാസ്റ്റിക്കും കത്തിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ നേത്യത്വത്തിൽ പരിശോധിക്കണമെന്നും വിഷയവുമായി ബന്ധപ്പെട്ട് ചർച്ചയിൽ ബിജെപി അംഗം സന്തോഷ് ബോബൻ ആവശ്യപ്പെട്ടു.നാലമ്പല ദർശനത്തിനായി അഭൂതപൂർവമായ തിരക്കിനാണ് ക്ഷേത്രം സാക്ഷ്യം വഹിക്കുന്നതെന്നും വീഴ്ചകൾ ഉണ്ടെങ്കിൽ പരിശോധിച്ച് നടപടികൾ സ്വീകരിക്കാവുന്നതാണെന്നും വൈസ് -ചെയർമാൻ ടി വി ചാർലി പറഞ്ഞു. എന്നാൽ കൂടൽമാണിക്യ ക്ഷേത്രത്തിന് എതിരായി കുറച്ച് നാളുകളായി ബിജെപി അംഗം ഗൂഡാലോചന നടത്തുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് എൽഡിഎഫ് അംഗം അഡ്വ കെ ആർ വിജയയും ബിജെപി യുടെ രാഷ്ട്രീയം ദേവസ്വത്തിൽ നടക്കില്ലെന്ന് എൽഡിഎഫ് അംഗം സി സി ഷിബിനും പറഞ്ഞതോടെ യോഗം ഇരുകൂട്ടരും തമ്മിലുള്ള വാക്പോരിൽ കലാശിച്ചു. എല്ലാ കൗൺസിലർമാർക്കും നിരവധി പരാതികൾ ലഭിക്കാറുണ്ടെന്നും ഇവ സ്വീകരിക്കാൻ നഗരസഭയിൽ നിയമപരമായ സംവിധാനങ്ങൾ ഉണ്ടെന്നും കൗൺസിലിൽ അല്ല ഇവ ഉന്നയിക്കേണ്ടതെന്നും ഏതെങ്കിലും സ്ഥാപനത്തെയോ വ്യക്തിയെയോ തരംതാഴ്ത്തി സംസാരിക്കുന്ന ശൈലി ശരിയല്ലെന്നും തർക്കത്തിൽ ഇടപെട്ട് കൊണ്ട് ചെയർപേഴ്സൺ പറഞ്ഞു. ദേവസ്വത്തിന് ബിജെപി എതിരാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് ബിജെപി അംഗം ടി കെ ഷാജുവും നഗരസഭയിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പ്രവർത്തിക്കുന്നത് ബിജെപി മാത്രമാണെന്ന് സന്തോഷ് ബോബനും പറഞ്ഞു.
ഹരിത ചട്ടങ്ങൾ പാലിച്ചു കൊണ്ട് ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.