കൊലപാതകശ്രമത്തിനും പോക്സോ കേസിലും വാറണ്ടുള്ള ആളൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ …

കൊലപാതകശ്രമത്തിനും പോക്സോ കേസിലും വാറണ്ടുള്ള ആളൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ …

 

ഇരിങ്ങാലക്കുട :ആളൂരിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും നിലവിൽ കൊലപാതക ശ്രമം, പോക്സോ കേസ്സുകളിൽ വാറണ്ടുള്ളയാൾ അറസ്റ്റിലായി.

ആളൂർ പൊരുന്നംകുന്ന് സ്വദേശി തറയിൽ വീട്ടിൽ കരുമാടി അരുണിനെയാണ് (32 വയസ്സ്) ബുധനാഴ്ച പുലർച്ചെ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശത്താൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷും ക്രൈം സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടിയത്. പോലീസിന്റെ സാന്നിധ്യം അറിഞ്ഞാൽ ഓടി രക്ഷപ്പെടുന്ന സ്വഭാവമുള്ള പ്രതിയെ കുറെ നാളുകളായി പോലീസ് അന്വേഷിച്ചു വരികയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇടയ്ക്കിടെ ഒളിത്താവളങ്ങൾ മാറ്റി പല സ്ഥലത്തായി താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെ പുതിയ ഒളിത്താവളം അന്വേഷിച്ചെത്തിയ പോലീസ് സംഘം സ്ഥലത്ത് നായ്ക്കളുടെ ശല്യമുള്ളതിനാൽ ഏറെ നേരം പതുങ്ങിയിരുന്ന് തന്ത്രപരമായി താമസസ്ഥലത്തിനുള്ളിലേക്ക് കടക്കുകയായിരുന്നു. എന്നാൽ ഉടുമുണ്ട് ഊരി കയ്യിൽ പിടിച്ച് അപ്രതീക്ഷിതമായി എഴുന്നേറ്റ് ഓടിയ ഇയാളെ രക്ഷപ്പെടും മുൻപ് പോലീസ്‌ സംഘം സാഹസികമായാണ് പിടികൂടിയത്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയും അതിവേഗ പോക്സോ കോടതിയും ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ആളൂരിലെ കൂട്ട ബലാൽസംഘ കേസിൽ ഇയാൾ പ്രതിയാണ്. കൂടാതെ കൊലപാതകശ്രമം, വാഹനം കത്തിക്കൽ അടക്കം എഴ് കേസ്സുകൾ ആളൂർ സ്റ്റേഷനിൽ ഇയാൾക്കുണ്ട്. ചാലക്കുടി, കൊടകര, ആളൂർ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര സ്റ്റേഷനുകളിലടക്കം പന്ത്രണ്ടോളം ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ് അരുൺ. സീനിയർ സി.പി.ഒ പി.കെ. മനോജ്, ഇ.എസ്. ജീവൻ, സി.പി.ഒ. കെ.എസ്.ഉമേഷ്, ഐ.വി. സവീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Please follow and like us: