ഖരമാലിന്യപരിപാലന പദ്ധതി ; ഇരിങ്ങാലക്കുട നഗരസഭയിൽ നടപ്പിലാക്കുന്നത് 10. 10 കോടി രൂപയുടെ പദ്ധതികൾ ; ആദ്യഘട്ടത്തിൽ 84 ലക്ഷത്തിന്റെയും രണ്ടാം ഘട്ടത്തിൽ 1.5 കോടി രൂപയുടെയും പദ്ധതികൾ ..
ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ 2021 മുതൽ 2027 വരെയുള്ള കാലയളവിലായി നടപ്പിലാക്കുന്നത് 10.10 കോടി രൂപയുടെ പദ്ധതികൾ. ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ 70 % ചിലവും പ്രസ്തുതധനകാര്യ ഏജൻസികൾ വഹിക്കുമ്പോൾ 30 % സംസ്ഥാന സർക്കാർ വഹിക്കും. ആദ്യ ഘട്ടത്തിൽ 84 ലക്ഷം രൂപയുടെ പതിനാല് പദ്ധതികളാണ് ഇരിങ്ങാലക്കുട നഗരസഭയിൽ നടപ്പിലാക്കുന്നത്. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ നവീകരണം , ചുറ്റുമതിൽ നിർമ്മാണം എന്നിവയാണ് ഇവയിൽ ഉൾപ്പെടുന്ന പ്രധാന പദ്ധതികൾ. രണ്ടാം ഘട്ടത്തിൽ ഒന്നരക്കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. സിസി ക്യാമറകൾ സ്ഥാപിക്കൽ, ഹരിത കർമ്മസേനയ്ക്ക് ഇ- ഓട്ടോകൾ, വുഡ് ഷ്രെസ്സിംഗ് മെഷീൻ , വീടുകളിൽ റിംഗ് കംപോസ്റ്റ്, ബയോ കംപോസ്റ്റ് വിതരണം, മെറ്റീരിയൽ കളക്ഷൻ സെന്ററിൽ ഓഫീസ്, കഫേ, അടുക്കള എന്നിവയ്ക്കായി കെട്ടിട നിർമാണം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് ടൗൺ ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് – ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, ജയ്സൻ പാറേക്കാടൻ,സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, പദ്ധതി ഉദ്യോഗസ്ഥരായ അനൂപ് കൃഷ്ണ, റോയ് ജോഷ് എന്നിവർ സംസാരിച്ചു. കൗൺസിലർമാർ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.