മൂന്നൂറ് ഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ .
ഇരിങ്ങാലക്കുട : മൂന്നൂറ് ഗ്രാം കഞ്ചാവുമായി മൂർക്കനാട് സ്വദേശിയായ കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ . മൂർക്കനാട് പൊയ്യാറ വീട്ടിൽ ലോൺ ധൻജി എന്ന് വിളിക്കുന്ന ധനജിയെയാണ് (38) റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസി ന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂർക്കനാട് ആലുംപറമ്പിലും ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിലും അന്യ സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർഥികൾക്കും പ്രതി പാക്കറ്റുകളിലായാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്. 1000 രൂപയുടെ പൊതി മൂന്ന് തവണകളിലായി 1500 രൂപ ഈടാക്കിയാണ് ഇയാൾ കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പൊള്ളാച്ചിയിൽ നിന്ന് മൂന്നും നാലും കിലോ കഞ്ചാവ് കൊണ്ട് വന്ന് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസിന്റെ കാൽനട പട്രോളിംഗ് സംഘം നടത്തിയ നീക്കത്തിലാണ് 300 ഗ്രാം കഞ്ചാവ് സഹിതം പ്രതിയെ പിടികൂടിയത്. എസ് ഐ എം എസ് ഷാജൻ, ഉദ്യോഗസ്ഥരായ എൻ കെ അനിൽകുമാർ , കെ പി ജോർജ് , സജിപാൽ, ജയകൃഷ്ണൻ , ഉല്ലാസ് പൂതോട്ട് , സതീശൻ , ഷൈൻ, ഉമേഷ്, സൂരജ് വി ദേവ് , സോണി, മിഥുൻ ആർ കൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.