കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ എടുക്കുന്ന പിണറായി സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ മാർച്ച് ; എത് കേസിനെയും നേരിടുമെന്നും ജനപ്രതിനിധിയെന്ന നിലയിൽ പരാജയപ്പെട്ട മന്ത്രി ബിന്ദുവിനെ മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ …
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് എടുക്കുന്ന പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ മാർച്ച്. ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കാട്ടുങ്ങച്ചിറയിൽ ബാരിക്കേഡുകൾ വച്ച് പോലീസ് തടഞ്ഞു. കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും എല്ലാ വകുപ്പുകളിലും സിപിഎമ്മിന്റെ സെൽ ഭരണമാണ് നടക്കുന്നതെന്നും എത് കേസിനെയും നേരിടാൻ കോൺഗ്രസ്സ് തയ്യാറാണെന്നും ജനപ്രതിനിധിയെന്ന തലത്തിൽ പരാജയപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിനെ മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും എം പി ജാക്സൻ പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു . ഡിസിസി സെക്രട്ടറിമാരായ സതീഷ് വിമലൻ, ആന്റോ പെരുമ്പിള്ളി, നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ എന്നിവർ പ്രസംഗിച്ചു.മുൻ ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർലി സ്വാഗതവും ബ്ലോക്ക് സെക്രട്ടറി എം ആർ ഷാജു നന്ദിയും പറഞ്ഞു. നേരത്തെ ബിഷപ്പ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന് മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ , ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, ബാബു തോമസ്, കെ വി രാജു എന്നിവർ നേത്യത്വം നൽകി.