ആരോപണ – പ്രത്യാരോപണങ്ങളിൽ നിറഞ്ഞ് സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും മറ്റ് വിഷയങ്ങളും ചർച്ച ചെയ്യാൻ വിളിച്ച ബസ്സുടമകളുടെ യോഗം ; ആർടിഎ തീരുമാനങ്ങൾ പാലിക്കാൻ ബാധ്യത ഉണ്ടെന്നും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പ്രധാനമെന്നും ഓർമ്മിപ്പിച്ച് മന്ത്രി ഡോ ബിന്ദു …
ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സുകളുടെ സമയക്രമവും അമിത വേഗതയും ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യോഗം ബസ് ഉടമകളുടെയും ജീവനക്കാരുടെയും ആരോപണ പ്രത്യാരോപണങ്ങളിൽ മുങ്ങിയതോടെ വ്യക്തമായ തീരുമാനങ്ങൾ ഇല്ലാതെ പിരിഞ്ഞു. കാട്ടൂർ – ത്യപ്രയാർ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്താത്ത വിഷയവും ബസ്സുകളുടെ അമിത വേഗതയും തുടർന്ന് ഉണ്ടാകുന്ന അപകടങ്ങളും ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ ജൂൺ 3 ന് ചേർന്ന മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ബസ്സ് ഉടമകൾ, ജീവനക്കാർ എന്നിവരുടെ സംയുക്തയോഗം താലൂക്ക് ഓഫീസിൽ വിളിച്ച് ചേർത്തത്. എന്നാൽ ത്യപയാർ – കാട്ടൂർ മേഖലയിലെ ബസ്സുകളുടെ സമയ ക്രമവുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളും മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള ഉത്തരവുകളും എടുത്ത് കാണിച്ച് ബസ്സ് ഉടമകൾ തന്നെ ചേരി തിരിഞ്ഞ് ആരോപണങ്ങൾ ഉയർത്തിയതോടെ, യോഗം ബഹളത്തിൽ മുങ്ങുകയായിരുന്നു. സമയക്രമം പാലിക്കാതെയാണ് ചില ബസ്സുകൾ ഓടുന്നതെന്നും സമയക്രമം പാലിക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ചിലർ ഗുണ്ടായിസം കാണിക്കുകയാണെന്നും ആരോപണം ഉയർന്നു. ബസ്സുകളുടെ സംഘടനകൾ ഉണ്ടാക്കിയ ധാരണകൾ ചിലർ ലംഘിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം എസ് പ്രേംകുമാർ കുറ്റപ്പെടുത്തി. മെയിൻ റോഡിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ പോലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപണം ഉയർന്നു. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സമയക്രമം പാലിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ബസ് സ്റ്റാന്റിൽ നിന്നും പുറപ്പെടുന്ന ചില ബസ്സുകൾ ഠാണാവ് എത്തുന്നതിന് മുമ്പ് എട്ടോളം സ്റ്റോപ്പുകളിലാണ് നിയമ വിരുദ്ധമായി നിറുത്തുന്നതെന്നും ചിലർ വാദിച്ചു. തർക്കങ്ങൾ തുടർന്നതോടെ ഇടപെട്ട മന്ത്രി സമയക്രമം സംബന്ധിച്ച ആർടിഎ യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ പാലിക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ടെന്നും യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് പ്രധാനമെന്നും ജനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സർവീസുകൾക്കും നിലനിൽപ്പ് ഉള്ളൂവെന്നും ഓർമ്മിപ്പിച്ചു. സമയക്രമം ഉറപ്പു വരുത്തണമെന്നും ത്യപ്രയാർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്തുന്ന കാര്യം ബോർഡിൽ പ്രത്യേകമായി സൂചിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയങ്ങൾ സംബന്ധിച്ച് ഡിവൈഎസ്പി പ്രത്യേക യോഗം വിളിക്കുമെന്നും അമിത വേഗതയ്ക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബസ് സ്റ്റാന്റിൽ സ്കൂൾ – കോളേജ് വിദ്യാർഥികളെ വരിയായി നിറുത്തുന്ന സമ്പ്രദായം പറ്റില്ലെന്നും അംഗ പരിമിതർക്ക് ബസ്സുകളിൽ സീറ്റുകൾ ഉറപ്പു വരുത്തണമെന്നും ഡിവൈഎസ്പി ടി കെ ഷൈജു ബസ്സ് ഉടമകളോട് ആവശ്യപ്പെട്ടു. തൃശൂർ ആർടിഒ കെ കെ സുരേഷ്, തൃശ്ശൂർ ജോയിന്റ് ആർടിഒ കെ രാജേഷ്, ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ കെ എ രാജു , തഹസിൽദാർ കെ ശാന്തകുമാരി എന്നിവർ സംസാരിച്ചു.