ഇരിങ്ങാലക്കുട ആയുർവേദാശുപത്രിയിൽ മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ഥലമില്ല; നിർമ്മാണ സാഹചര്യം വിലയിരുത്താൻ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്താൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ..

ഇരിങ്ങാലക്കുട ആയുർവേദാശുപത്രിയിൽ മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ഥലമില്ല; നിർമ്മാണ സാഹചര്യം വിലയിരുത്താൻ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്താൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം ..

ഇരിങ്ങാലക്കുട : രണ്ട് ഘട്ടങ്ങളിലായി മൂന്നരക്കോടി രൂപ ചിലവഴിച്ച ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയിൽ മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ സ്ഥലമില്ല. നാല്പത് ലക്ഷം രൂപയുടെ മരുന്നുകളാണ് ഒരു വർഷം നഗരസഭയിൽ നിന്നുള്ള ഫണ്ട് കൊണ്ട് ആശുപത്രിയിൽ വാങ്ങിക്കുന്നത്. നിലവിൽ ഫാർമസിയിലും എക്സേ റൂമിലുമായിട്ടാണ് മരുന്നുകൾ സൂക്ഷിക്കുന്നത്. എക്സറേ യൂണിറ്റ് ഉടൻ ആരംഭിക്കുന്നതോടെയാണ് മരുന്നുകൾ സൂക്ഷിക്കാനുള്ള സ്ഥലത്തിന്റെ പരിമിതി ഉടലെടുക്കുന്നത്. സാഹചര്യം വിലയിരുത്തി അനുയോജ്യമായ നിർമ്മാണത്തിനായി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനമായി.

സന്ദർശക ഫീസിൽ നിന്നുള്ള വരുമാനം കുറഞ്ഞത് കൊണ്ടാണ് സെക്യൂരിറ്റി തസ്തികയിൽ ആളെ നിയമിക്കാൻ കഴിയാത്തതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. കെട്ടിടത്തിനായി അനുവദിച്ച മൂന്നരക്കോടിയിൽ മിച്ചമുള്ള 62 ലക്ഷം കൊണ്ട് എസിപി വർക്ക്, ടൈൽ വിരിക്കൽ എന്നീ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. കെട്ടിടത്തിൽ ഫയർ സംവിധാനങ്ങൾ ഇല്ലാത്തതും പേ വാർഡുകളിൽ കഴിയുന്നവർക്ക് കുടുംബശ്രീ വഴി ഭക്ഷണം എത്തിക്കാനും വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ കോഫീ ഷോപ്പ് ആരംഭിക്കാനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. രണ്ട് മാസം കൂടുമ്പോൾ വികസന സമിതി യോഗം നിർബന്ധമായും ചേരണമെന്ന് മന്ത്രിയും നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാറും നിർദ്ദേശം നൽകി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ സിജു യോഹന്നാൻ , വികസന സമിതി അംഗങ്ങളായ നന്ദൻ , ബെന്നി വിൻസെന്റ്, രാജു പാലത്തിങ്കൽ, ഷാജു

കണ്ടംകുളത്തി, ഡോക്ടർമാരായ പ്രീതി ദേവദാസ്, ബിജു ബാലകൃഷ്ണൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: