മാപ്രാണം – നന്തിക്കര റോഡിന്റെ നവീകരണ പ്രവ്യത്തികൾ ആരംഭിക്കുന്നു; സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലെ അമ്പത് ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ് ; ആനന്ദപുരം – നെല്ലായി റോഡിന് 10 കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ 30,000 കിലോമീറ്റർ വരുന്ന പൊതുമരാമത്ത് റോഡുകളിലെ അമ്പത് ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . അഞ്ച് വർഷം കൊണ്ട് കൈവരിക്കേണ്ട ലക്ഷ്യമാണ് രണ്ട് വർഷവും രണ്ട് മാസത്തിനുളളിലും പൂർത്തീകരിച്ച് കഴിഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട , പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാതല പാതയായ മാപ്രാണം – നന്തിക്കര റോഡ് നബാർഡിൽ നിന്നുള്ള 15 കോടി 30 ലക്ഷം ചിലവഴിച്ച് നവീകരിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ ചിലവ് കൂടുതലാണെങ്കിലും ബി എം ബി സി റോഡിന്റെ നിലവാരത്തെ ക്കുറിച്ച് അഞ്ച് വർഷത്തേക്ക് ആശങ്കപ്പെടേണ്ടി വരില്ല. സംസ്ഥാന സർക്കാർ നൽകുന്ന പട്ടികയിൽ നിന്നും നബാർഡിൽ നിന്നും കുറഞ്ഞ നിരക്കിൽ വായ്പ നേടിയാണ് ഫണ്ട് കണ്ടെത്തുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ 205 കിലോമീറ്റർ ഉളള പൊതു മരാമത്ത് റോഡിൽ 135 കിലോമീറ്ററും ബി എം ബി സി നിലവാരത്തിലേക്ക് ഉയർന്ന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കേണ്ട മാറ്റങ്ങൾ സംബന്ധിച്ച എൽഡിഎഫ് നയങ്ങൾ നടപ്പിലാക്കാനുള്ള മന്ത്രി ബിന്ദുവിന്റെ പ്രയാണത്തിന് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചാൽ എൽഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
മാപ്രാണം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിൽ കിഴുത്താണി – കാറളം റോഡ് (6 കോടി) , പൊറത്തിശ്ശേരി – ചെമ്മണ്ട – കാറളം (4 കോടി), തൊമ്മാന – തുമ്പൂർ – പുത്തൻച്ചിറ (2 കോടി ) എഴുന്നളളത്ത് പാത (5 കോടി) എന്നീ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിച്ച് കഴിഞ്ഞതായും അഞ്ച് കോടി രൂപ ചിലവിൽ ആളൂർ – കൊമ്പിടി റോഡിന്റെ നവീകരണ പ്രവൃത്തികൾ നടന്ന് വരികയാണെന്നും ആനന്ദപുരം – നെല്ലായി റോഡിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു.
പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ , ബ്ലോക്ക് പ്രസിഡണ്ടുമാരായ ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ , പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇ കെ അനൂപ്, ജോസ് ജെ ചിറ്റിലപ്പിള്ളി, വാർഡ് കൗൺസിലർ ലിജി സജി എന്നിവർ ആശംസകൾ നേർന്നു . നിരത്ത് വിഭാഗം എക്സി. എഞ്ചിനീയർ ഹരീഷ് എസ് റിപ്പോർട്ട് അവതരിപ്പിച്ചു. റോഡ്സ് ആലുവ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ജയ പി ടി സ്വാഗതവും നിരത്ത് ഉപ വിഭാഗം അസി. എക്സി. എഞ്ചിനീയർ റാബിയ പി പി നന്ദിയും പറഞ്ഞും .
എട്ടര കിലോമീറ്ററും 5.50 മീറ്റർ വീതിയുള്ള റോഡ് , ഏഴ് മീറ്റർ വീതിയിൽ പുനർ നിർമ്മിക്കുന്നതോടൊപ്പം വെള്ളക്കെട്ടിന് പരിഹാരമായി പുതിയ കോൺക്രീറ്റ് കാനകളുടെ നിർമ്മാണവും കൾവേർട്ടുകളുടെ നിർമ്മാണവും റോഡ് സുരക്ഷാബോർഡുകളും റോഡ് മാർക്കിങ്ങും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.