പതിനഞ്ചര കോടി രൂപ ചിലവഴിച്ച് മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നു; നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നു. പതിനഞ്ചര കോടി രൂപ ചിലവിച്ച് നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 29 ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് മാപ്രാണം ജംഗ്ഷനിൽ പൊതുമരാമത്ത് – ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദു ചടങ്ങിൽ അദ്ധ്യക്ഷയായിരിക്കും.
പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നത്.
ചടങ്ങിൽ തൃശ്ശൂർ എം.പി ടി.എൻ. പ്രതാപൻ, പുതുക്കാട് എം.എൽ.എ കെ.കെ.രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.