നാലമ്പല ദർശനത്തിനുള്ള തീർഥാടക പ്രവാഹം തുടരുന്നു ; തീർഥാടകരെയും കൊണ്ട് കണ്ണൂരിൽ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സിന്റെ ടയറുകൾ ചളിയിൽ താഴ്ന്നു …
ഇരിങ്ങാലക്കുട : നാലമ്പല തീർഥാടകരെയും കൊണ്ട് എത്തിയ ടൂറിസ്റ്റ് ബസ്സിന്റെ ടയറുകൾ ചളിയിൽ താഴ്ന്ന് തീർഥാടകർ ബുദ്ധിമുട്ടിലായി. കണ്ണൂരിൽ നിന്നും സ്ത്രീകളും കുട്ടികളും അടക്കമുളള നാല്പതോളം തീർഥാടകരുമായി മൂന്ന് മണിയോടെ ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായി എത്തിയ ബസ്സിന്റെ ടയറുകളാണ് മണിമാളിക മൈതാനത്തെ ചളിയിൽ താഴ്ന്നത്. ദേവസ്വം അധികൃതരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ ജെസിബി ഉപയോഗിച്ചാണ് ബസ്സ് ഉയർത്തിയത്. പാർക്കിംഗ് ആവശ്യത്തിനായി നേരത്തെ ക്വാറി വേസ്റ്റ് അടിച്ചിരുന്നുവെങ്കിലും മൈതാനത്തിന്റെ ഒരു ഭാഗം ചളി നിറഞ്ഞ അവസ്ഥയിലാണ് . ഒഴിവ് ദിവസമായതിനാൽ വെളളിയാഴ്ച അഭൂതപൂർവമായ തിരക്കായിരുന്നു ക്ഷേത്രത്തിൽ . പുലർച്ചെ തുറന്ന ക്ഷേത്ര നട മൂന്ന് മണിയോടെയാണ് അടച്ചതെന്ന് ദേവസ്വം അധിക്യതർ പറഞ്ഞു. വഴിപാട് നടത്താനുള്ള മൊബൈൽ കൗണ്ടറുകൾ അടക്കം വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഭക്തജനങ്ങൾക്കായി എർപ്പെടുത്തിയിരിക്കുന്നത്.