“പ്രിയമാനസം” – സൗഹൃദസംഗമം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയിൽ ..
ഇരിങ്ങാലക്കുട : ചിത്രകാരനും കലാകാരനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കൾ ഒത്തുകൂടുന്ന സൗഹൃദസംഗമം – “പ്രിയമാനസം “ത്തിന് ഇരിങ്ങാലക്കുടയിൽ അരങ്ങൊരുങ്ങുന്നു.
ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ ആഗസ്റ്റ് 19 ശനിയാഴ്ച നടക്കുന്ന പ്രിയമാനസം പരിപാടിയുടെ ലോഗോപ്രകാശനം കഥകളി കലാകാരൻ കോട്ടയ്ക്കൽ ദേവദാസും, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരിയും ചേർന്ന് നിർവ്വഹിച്ചു.
ചിത്രകാരൻ മോപ്പസാങ് വാലത്ത് വരച്ച സ്കെച്ചിൽ ധീരജ് മംഗലശ്ശേരിയാണ് ലോഗോവിന്റെ ഗ്രാഫിക് ഡിസൈൻ നിർവഹിച്ചത്.അമ്മന്നൂർ ഗുരുകുലത്തിൽ നടന്ന ലോഗോപ്രകാശനചടങ്ങിൽ കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ , ഉണ്ണായിവാരിയർ സ്മാരക കലാനിലയം ചുട്ടി അധ്യാപകൻ കലാനിലയം പ്രശാന്ത് എന്നിവർ സംസാരിച്ചു.