മാലിന്യമുക്തം നവകേരളം; നാല്പത് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം …

മാലിന്യമുക്തം നവകേരളം; നാല്പത് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം …

ഇരിങ്ങാലക്കുട : “മാലിന്യമുക്തം നവകേരള”ത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നാല്പത് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഗാർഹിക മാലിന്യ സംസ്കരണത്തിന് ബാസ്കറ്റ്, സഞ്ചി, ബയോ ബിൻ , സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റിലേക്ക് ട്രോളികൾ , ഫോർക്കലിഫ്റ്റ് എന്നിവ വാങ്ങൽ , ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഡ്രൈവിംഗ് പരിശീലനം, ഹരിതമിത്ര ആപ്പ്, സാനിറ്ററി പാഡ് ഡിസ്ട്രോയർ , മാലിന്യക്കൂനകൾ നീക്കി ഉദ്യാനവൽക്കരണം, ബൈപ്പാസ് റോഡ്, കോന്തിപുലം എന്നിവടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കൽ, മെൻസ്ട്രൽ കപ്പ് പൊതു തെരുവുകൾ വ്യത്തിയാക്കുന്നതിനുള്ള യന്ത്രവൽകൃത സംവിധാനങ്ങൾ വാങ്ങൽ എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്ന പദ്ധതികൾ . 2023 – 24 വർഷത്തെ പദ്ധതി പുനക്രമീകരിച്ച് കൊണ്ട് കൂടിയാണ് ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. അഞ്ചര ഏക്കറുള്ള നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്താനും സംരക്ഷിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ ബിജെപി കൗൺസിലർ സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. ട്രഞ്ചിംഗ് ഗ്രൗണ്ടിനായി 90 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മറുപടിയായി ചെയർപേഴ്സൺ അറിയിച്ചു.
ഉദ്ഘാടനം കഴിഞ്ഞ മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിലെ ലിഫ്റ്റിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണെന്ന് ഇത് സംബന്ധിച്ച് ബിജെപി അംഗം ടി കെ ഷാജുവിന്റെ ചോദ്യത്തിന് മറുപടിയായി ചെയർപേഴ്സൺ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ അനുമതിയ്ക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ലിഫ്റ്റ് നിർമ്മാണത്തിന്റെ ടെണ്ടർ എടുക്കാൻ ആദ്യ ഘട്ടത്തിൽ ആരും എത്തിയിരുന്നില്ലെന്നും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ പറഞ്ഞു.
നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് ഞാറ്റുവേല ചന്തയുടെ വിജയത്തിനായി പ്രവർത്തിച്ചവരെ യോഗത്തിൽ ചെയർ പേഴ്സൺ അഭിനന്ദിച്ചു. എന്നാൽ ഞാറ്റുവേല ചന്ത കൊണ്ട് നഗരസഭയുടെ കാർഷിക രംഗത്ത് എന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വിലയിരുത്തണമെന്നും കാർഷികേതരമായ പരിപാടികളാണ് ഇതിന്റെ പേരിൽ നടക്കുന്നതെന്നും പരിപാടി നടത്തിയ ടൗൺഹാളിന്റെ വാടക അടച്ച് നഗരസഭ മാതൃക കാണിക്കണമെന്നും ബിജെപി അംഗം സന്തോഷ് ബോബൻ ആവശ്യപ്പെട്ടു.
മാപ്രാണം വാതിൽമാടം കോളനിയിൽ കഴിഞ്ഞ ദിവസം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ സന്ദർശനം തന്നെ അറിയിച്ചില്ലെന്ന വാർഡ് കൗൺസിലർ കെ ആർ ലേഖയുടെ വിമർശനത്തോടെയാണ് യോഗം ആരംഭിച്ചത്. വാർഡുകളിൽ നടക്കുന്ന പരിപാടികൾ നിർബന്ധമായും ബന്ധപ്പെട്ട കൗൺസിലർമാരെ അറിയിക്കേണ്ടതുണ്ടെന്ന് എൽഡിഎഫ് കൗൺസിലർമാരായ അഡ്വ കെ ആർ വിജയ , സി സി ഷിബിൻ എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച് റെസ്റ്റ് ഹൗസിൽ നടന്ന യോഗം അറിയിക്കാത്തതിൽ പ്രതിഷേധമുണ്ടെന്ന് ടി കെ ഷാജുവും പറഞ്ഞു.
പ്രധാനമന്ത്രി മാത്യ വന്ദന യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾ ഗർഭിണികൾക്ക് ലഭ്യമാക്കുന്നതിന്റെ മുന്നോടിയായി ഓൺലൈനിൽ നടത്തേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് അംഗൻവാടി അധ്യാപകർക്ക് പരിശീലനം നൽകണമെന്ന് എൽഡിഎഫ് കൗൺസിലർ കെ പ്രവീൺ ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

Please follow and like us: