ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി കട്ടപ്പുറത്ത് തന്നെ; തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത് കഴിഞ്ഞ വർഷം ഡിസംബറിൽ …

ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി കട്ടപ്പുറത്ത് തന്നെ; തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത് കഴിഞ്ഞ വർഷം ഡിസംബറിൽ …..

ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം മാസങ്ങൾ പിന്നിട്ടിട്ടും കട്ടപ്പുറത്ത് തന്നെ. പൂതംക്കുളം ഷോപ്പിംഗ് കോംപ്ലക്സിന് അടുത്ത് കഴിഞ്ഞ വർഷം ഡിസംബർ നാലിന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ മോചനമാണ് ഇപ്പോഴും നീളുന്നത്. ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് രണ്ട് നിലകളിലായി വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചായക്കടയും സ്ത്രീകൾക്കായി മൂന്ന് ടോയ്ലറ്റുകളും ബാത്ത്റൂമും മുകളിൽ പുരുഷൻമാർക്കായി നാല് ടോയ്ലറ്റുകളും വിശ്രമമുറിയുമാണ് കെട്ടിടത്തിൽ ഉളളത്. ഒരു വർഷത്തെ വാടകയായി പത്ത് ലക്ഷം രൂപ നഗരസഭ ഭരണ സമിതി തീരുമാനിച്ചതായിരുന്നു ആദ്യ പ്രതിസന്ധി . തുടർച്ചയായി ടെണ്ടർ വിളിച്ചിട്ടിട്ടും ഏറ്റെടുക്കാൻ ആരും എത്തിയില്ല. കെട്ടിടത്തിന്റെ പ്രവർത്തനത്തിന് വാട്ടർ അതോറിറ്റിയുടെ കണക്ഷനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു. വാടക തുക എഴര ലക്ഷം ആയി കുറച്ചപ്പോൾ പദ്ധതി ഏറ്റെടുക്കാൻ നഗരസഭയിലെ താത്ക്കാലിക ജീവനക്കാരന്റെ ബന്ധു തയ്യാറായിട്ടുണ്ട്. വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാൻ ടാങ്കുകൾ സ്ഥാപിക്കാനും കുഴൽക്കിണറിനുമായി നാലര ലക്ഷം രൂപ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ അയ്യായിരം ലിറ്ററിന്റെ ഒരു ടാങ്ക് താഴത്തും ആയിരം ലിറ്ററിന്റെ രണ്ട് ടാങ്കുകൾ അടുത്തുള്ള കെട്ടിടത്തിന്റെ മുകളിലും സ്ഥാപിച്ച് കഴിഞ്ഞതായും നഗരസഭ അധികൃതർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കുഴൽക്കിണറിനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. ലേലം വിളിച്ച വ്യക്തി തുടർ നടപടികളിലേക്ക് കടന്നിട്ടുമില്ല. നടപടികൾ പൂർത്തീകരിച്ച് മൂന്നാഴ്ചക്കുള്ളിൽ പദ്ധതി ആരംഭിക്കുമെന്നാണ് നഗരസഭ അധികൃതർ ഇപ്പോൾ സൂചിപ്പിക്കുന്നത്. ലേലം വിളിച്ച ടെണ്ടർ തുക കുറയ്ക്കാൻ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതായും സൂചനയുണ്ട്. ഇതിനിടയിൽ സംസ്ഥാനത്തെ ടേക്ക് എ ബ്രേക്ക് പദ്ധതികൾ കുടുംബശ്രീയെ എല്പിക്കാനുള്ള തീരുമാനം തദ്ദേശ വകുപ്പ് മന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Please follow and like us: