സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് മുരിയാട് സ്വദേശിയായ യുവാവ് മരിച്ചു…
ഇരിങ്ങാലക്കുട: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുരിയാട് 16-ാം വാര്‍ഡ് തങ്കരാജ് കോളനിയിലെ കാട്ടുമാക്കല്‍ വീട്ടില്‍ പരമേശ്വരന് മകന് രാമു എന്നു വിളിക്കുന്ന സുഭാഷ് (48) ആണ് മരിച്ചത്. പത്ത് വര്‍ഷത്തോളം അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ടിപ്പര്‍ ലോറി ഡ്രൈവറാണ്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ആളൂര്‍ മുസ്ലീം പള്ളിക്കു സമീപമാണ് അപകടം നടന്നത്. ഇരിങ്ങാലക്കുടയില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്ക് പോവുകയായിരുന്ന ജോസ്കോ എന്ന ബസും എതിര് ദിശയില്‍ നിന്നും വന്നിരുന്ന ബൈക്കും നേര്‍ക്കുനേര്‍ കൂടിയിടിച്ചാണ് അപകടം. അപകടം സംഭവിച്ചയുടനെ ആളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ- രജിത, മക്കള്‍-യദുകൃഷ്ണ, ദേവനന്ദ.