മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന മാപ്രാണം വാതിൽമാടം കോളനിവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ തീരുമാനം ; ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേടിയെടുക്കാൻ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ നിർദ്ദേശം ..

മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന മാപ്രാണം വാതിൽമാടം കോളനിവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ തീരുമാനം ; ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേടിയെടുക്കാൻ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ നിർദ്ദേശം ..

ഇരിങ്ങാലക്കുട : മണ്ണിടിച്ചിൽ ഭീഷണി നേരിട്ട് കൊണ്ട് നഗരസഭ പരിധിയിൽ വാർഡ് 38 ൽ കഴിയുന്ന മാപ്രാണം വാതിൽമാടം കോളനിയിലെ നാല് കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ തീരുമാനം. വാർഡ് 10 ൽ കുഴിക്കാട്ടുക്കോണത്ത് ഇവർക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലം കോളനിവാസികളുടെ പേരിലാക്കാനുള്ള നടപടി ക്രമങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായവും ത്വരിതഗതിയിൽ ലഭ്യമാക്കാനും തുടർന്ന് പ്രസ്തുത ഭൂമിയിൽ വീടുകളുടെ നിർമ്മാണം ആരംഭിക്കാനും തീരുമാനിച്ചതായും തീരുമാനങ്ങളോട് കോളനിവാസികൾ യോജിപ്പ് പ്രകടിപ്പിച്ചതായും ഇത് സംബന്ധിച്ച് റസ്റ്റ് ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. വീട് നിർമ്മാണം പൂർത്തിയാക്കുന്നത് വരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റാനും യോഗം തീരുമാനിച്ചു. നിലവിൽ വീടുകൾക്ക് ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി നേടിയെടുക്കാൻ യോഗത്തിൽ പങ്കെടുത്ത ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. പരിസ്ഥിതി ലോല പ്രദേശമായി ദുരന്തനിവാരണ വകുപ്പ് വിലയിരുത്തിയിട്ടുള്ള സ്ഥലത്ത് തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കോളനിവാസികളോട് പറഞ്ഞു. കോളനിയിൽ പാർശ്വഭിത്തി നിർമ്മാണത്തിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച 63 ലക്ഷം ചിലവഴിക്കുന്നത് സംബന്ധിച്ച ടെണ്ടർ വിളിച്ചതാണെങ്കിലും കോളനിവാസികൾ താമസം മാറാൻ തയ്യാറാകാഞ്ഞത് തടസ്സമായെന്ന് ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പറഞ്ഞു. തഹസിൽദാർ കെ ശാന്തകുമാരി , വാർഡ് കൗൺസിലർ കെ ആർ ലേഖ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം ബി രാജുമാസ്റ്റർ, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Please follow and like us: