ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; കേന്ദ്രമന്ത്രിയുടെയും എംപിയുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; പാർലമെന്റ് പ്രതിനിധിയുടെ ഇടപെടൽ അനിവാര്യമെന്നും മന്ത്രി ; കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എം പി സ്റ്റേഷൻ സന്ദർശിച്ചിട്ടില്ലെന്ന് യാത്രക്കാരുടെ വിമർശനം …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് യാത്രക്കാരും റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷനും ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങൾ കേന്ദ്ര മന്ത്രിയുടെയും എംപി യുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇത് സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി . പാസ്സഞ്ചർ ട്രയിനുകളുടേതടക്കം നിലവിൽ ഇരിങ്ങാലക്കുടയിൽ ഉണ്ടായിരുന്ന സ്റ്റോപ്പുകൾ നിറുത്തലാക്കിയ സാഹചര്യമാണ് ഉള്ളതെന്നും പാർലമെന്റ് പ്രതിനിധിയുടെ ഇടപെടൽ അനിവാര്യമാണെന്നും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയും ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സ്റ്റേഷൻ അധികൃതരിൽ നിന്നും മന്ത്രി വിശദീകരണം തേടി . കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ കാര്യത്തിൽ പുതിയ മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പുറകിലാണെന്ന് യാത്രക്കാർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ബാത്ത് റൂമുകളുടെ നിർമ്മാണം ആരംഭിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. വിശ്രമമുറിയും ദയനീയമായ അവസ്ഥയിലാണ്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും കോവിഡിന്റെ പേരിൽ നിറുത്തലാക്കിയ സ്റ്റോപ്പുകൾ പുനരാരംഭിക്കണമെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ എംപി ഒരിക്കലും സ്റ്റേഷൻ സന്ദർശിച്ചിട്ടില്ലെന്നും യാത്രക്കാർ പറഞ്ഞു. ആവശ്യങ്ങൾ അടങ്ങിയ നിവേദനം പാസ്സഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് , സെക്രട്ടറി ബിജു പി എ , ട്രഷറർ പി സി സുഭാഷ് എന്നിവർ മന്ത്രിക്ക് കൈമാറി. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, മറ്റ് ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.