ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും ആദരം ; മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഗണിതശാസ്ത്ര – ഇംഗ്ലീഷ് ഭാഷ പരിശീലന പദ്ധതി ; ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭൗതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലായി മാറ്റി വച്ചത് ആയിരം കോടി രൂപയെന്നും മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഗണിത ശാസ്ത്ര – ഇംഗ്ലീഷ് ഭാഷ പരിശീലന പദ്ധതി പ്രഖ്യാപിച്ചു. ഇൻസൈറ്റ് ഫോർ ഇന്നവേഷൻസ് എന്ന എൻജിഒ യുമായി സഹകരിച്ചാണ് ” ദിശ” പദ്ധതി. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും എൻഎസ്എസ് വളണ്ടിയർമാരാണ് പരിശീലനം നൽകുകയെന്നും മന്ത്രി അറിയിച്ചു.എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കാൻ മന്ത്രിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച ” ആദരം 2023 ” ചടങ്ങിൽ ആയിരുന്നു പ്രഖ്യാപനം. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ കാലത്ത് മാറ്റങ്ങളോടൊപ്പം സഞ്ചരിക്കാനും പുതിയ അറിവുകളെ സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമർത്ഥമായി ഉപയോഗിക്കാനും കഴിയേണ്ടതുണ്ടെന്നും കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കാൻ ആയിരം കോടി രൂപയാണ് മാറ്റി വച്ചതെന്നും മന്ത്രി പറഞ്ഞു.
ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സബ് കളക്ടറും ഇരിങ്ങാലക്കുട നിവാസിയുമായ അഖിൽ വി മേനോൻ മുഖ്യാതിഥി ആയിരുന്നു. നഗരസഭ ചെയർപേഴ്സൺ സുജ സജീവ് കുമാർ , ബ്ലോക്ക് പ്രസിഡണ്ടുമാരായ ലളിത ബാലൻ, സന്ധ്യ നൈസൻ , വിജയലക്ഷ്മി വിനയചന്ദ്രൻ , പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ എസ് തമ്പി , സീമ പ്രേംരാജ്, ലത സഹദേവൻ ,തുടങ്ങിയവർ പ്രസംഗിച്ചു. അഖിൽ വി മേനോനെയും കെഎഎസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ആര്യ പി രാജ്, സ്പെഷ്യൽ ഒളിംപിക്സിൽ സ്വർണ്ണമെഡലുകൾ നേടിയ അഭിജിത്ത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ സ്വാഗതവും എഇഒ എം സി നിഷ നന്ദിയും പറഞ്ഞു.