എസ്.ഐ. ആയും സൈബർ സെൽ ഓഫീസറായും എത്തി മോഷണം നടത്തുന്ന കൊല്ലം സ്വദേശി അറസ്റ്റിൽ …
ഇരിങ്ങാലക്കുട : ആളൂർ പോലീസ് സ്റ്റേഷനിൽ പുതുതായി വന്ന എസ്ഐ എന്ന് പരിചയപ്പെടുത്തി കടയിൽ നിന്ന് വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ .കൊല്ലം അഞ്ചൽ സ്വദേശി അനിൽ കുമാറിനെയണ് (36 വയസ്സ്) തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ എന്നിവർ അറസ്റ്റ് ചെയ്തത്. മുൻപും ഇയാൾ സി.ഐ. ആയും, എസ്.ഐ. ആയും, സൈബർ സെൽ ഓഫീസറായും പരിചയപ്പെടുത്തി മോഷണം നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ കല്ലേറ്റുംകരയിലെ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരിയോട് ആളൂരിൽ പുതുതായി ചാർജ്ജെടുത്ത എസ്.ഐ. ആണന്ന് പരിചയപ്പെടുത്തി ക്ലോക്ക് വാങ്ങി. ക്ലോക്ക് കവറിലാക്കുന്നതിനിടെ ജീവനക്കാരിയുടെ കണ്ണൂ വെട്ടിച്ച് ഇയാൾ റിപ്പയറിങ്ങിനായി കൊണ്ടുവന്നതും ഉടമസ്ഥയുടേയും വിലപിടിപ്പുള്ള ഫോണുകളുമായി കടക്കുകയായിരുന്നു.സംഭവം അറിഞ്ഞ് എത്തിയ പോലീസ് സംഘം മോഷ്ടാവിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് സമാനരീതിയിലുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് പ്രതിയിലേക്കെത്തിയത്. കൊല്ലം അഞ്ചൽ, എറണാകുളം ടൗൺ നോർത്ത് , ആളൂർ സ്റ്റേഷനിൽ ഇയാൾക്ക് കേസ്റ്റുകളുണ്ട്. രാവിലെ എറണാകുളം കെ.എസ്.ആർ ടി.സി. പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
എസ്.ഐ. ക്ലീസൻ തോമസ്, സീനിയർ സി.പി.ഒ. മാരായ ഇ.എസ്. ജീവൻ , പി.ആർ അനൂപ്, സി.പി.ഒ കെ.എസ്.ഉമേഷ്, കടവന്തറ പോലീസ് സ്ക്വാഡ് അംഗങ്ങളായ കെ.എൽ അനീഷ്, എൻ.ബി. ദിലീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.