മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ വിരോധത്താൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
ചാലക്കുടി: മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിൽ സുഹൃത്തിനെ ബിയർകുപ്പികൊണ്ടും കമ്പി വടികൊണ്ടുമടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പിയായ ടി.എസ് സിനോജിന്റെ നേതൃത്വത്തിൽ പിടികൂടി. മറ്റത്തൂർ കോടാലി സ്വദേശി വിജയവിലാസം വീട്ടിൽ മനീഷ് കുമാർ (38 വയസ്) ,വെള്ളിക്കുളങ്ങര മുരിക്കിങ്ങൽ സ്വദേശി ചാണശേരി വീട്ടിൽ ജിജു ( 49 വയസ്) എന്നിവരാണ് പിടിയിലായത് .
കഴിഞ്ഞമാസം ഇരുപത്താറാം തീയതി ഉച്ചയോടെ കോടാലിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവമരങ്ങേറിയത്. വാസുപുരം സ്വദേശിയായ സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കാത്തതിനെ ചോദ്യം ചെയ്ത മനീഷും ജിജുവും തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തലക്കും ചെവിക്കും ഗുരുതരമായി മുറിവേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കാനുള്ള ബഹളത്തിനിടെ ഇരുവരും തന്ത്രപൂർവ്വം മുങ്ങുകയും തമിഴ്നാട്ടിലേക്ക് കടന്നു ഒളിവിൽ താമസിക്കുകയുമായിരുന്നു.
ഇവരെ പിടികൂടുവാൻ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിൽ വെള്ളിക്കുളങ്ങര സബ്ബ് ഇൻസ്പെക്ടർ ജെയ്സൻ ജെ, പി ആർ ഡേവീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് ,
വി.ജി സ്റ്റീഫൻ, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഒളിവിൽ പോയ ഇരുവരുടേയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ബന്ധുക്കളേയും സുഹൃത്തുക്കളേയും നിരീക്ഷിച്ചു അവരുടെ നീക്കങ്ങളിൽ നിന്ന് മലപ്പുറം പൊന്നാനിയിലെ ഇവരുടെ രഹസ്യ കേന്ദ്രത്തിലെത്തി പിടികൂടുകയായിരുന്നു.
തുടർന്ന് ഇവരെ വെളളിക്കുളങ്ങര സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.