ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്‌റാന ഊട്ടുതിരുനാൾ ജൂലൈ 3 ന് ….
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ദുക്‌റാന തിരുനാളും, രൂപതയുടെ ആസ്ഥാനദേവാലയമായി ഉയര്‍ത്തപ്പെട്ടതിന്റെ നാല്പത്തിയഞ്ചാം വാര്‍ഷികവും ജൂലൈ മൂന്നിന് നേര്‍ച്ചഊട്ടോടെ ആഘോഷിക്കുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അറിയിച്ചു. ഇരുപത്തിഅയ്യായിരം പേര്‍ക്ക് ഒരുക്കുന്ന സൗജന്യ നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 1 ന് രാവിലെ 7.15നുള്ള ആഘോഷമായ ദിവ്യബലിക്കു ശേഷം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. തിരുനാള്‍ ദിനമായ മൂന്നിന് രാവിലെ 7.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പ്. രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. അജിത്ത് ചിറ്റിലപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും. ഊട്ടുതിരുനാളിനോടനുബന്ധിച്ച് ജൂലായ് നാലിന് വൈകീട്ട് ഏഴിന് ഇടവകയിലെ 500ല്‍പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന മെഗാഷോ കത്തീഡ്രല്‍ അങ്കണത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, തിരുനാള്‍ കണ്‍വീനറും ട്രസ്റ്റിയുമായ ഒ.എസ്. ടോമി, കൈക്കാരന്‍മാരായ ബാബു കുറ്റിക്കാട്ട് നെയ്യന്‍, ഷാജന്‍ കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, ക്രേന്ദസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ സിജോ എടത്തിരുത്തിക്കാരന്‍, ഷാജു പാറേക്കാടന്‍, രഞ്ജി അക്കരക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബൈജു കൂവാപ്പറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ ജോണി തൊഴുത്തുംപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.