ഗുരുസ്മരണ കൂടിയാട്ടോത്സവത്തിന് ഇരിങ്ങാലക്കുടയിൽ അരങ്ങുണർന്നു …
ഇരിങ്ങാലക്കുട :അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ പതിനഞ്ചാമത് ഗുരുസ്മരണ മഹോൽസവത്തിന് തുടക്കമായി. ഗുരുസ്മരണ മഹോത്സവത്തിന്റെ ഭാഗമായ ആചാര്യ സ്മൃതി കലാമണ്ഡലം മുൻ വൈസ്ചാൻസലർ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു. ഗുരു വേണുജി ആചാര്യവന്ദനം നടത്തി. ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം നാരായണൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആചാര്യസ്മൃതിയോഗത്തിന് ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ് നമ്പ്യാർ നന്ദിയും പറഞ്ഞു. അടുത്ത അന്തരിച്ച കൂടിയാട്ടം കേന്ദ്രയുടെ മുൻ ഡയറക്ടർ ബാലശങ്കർ മന്നത്ത് , ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരെ വേണുജി അനുസ്മരിച്ചു. ഉദ്ഘാടനത്തെ തുടർന്ന് ആശ്ചര്യചൂഡാമണിനാടകവും കൂടിയാട്ടവും എന്ന വിഷയത്തിൽ ഡോ. കെ ജി പൗലോസ് പ്രഭാഷണം നടത്തി. തുടർന്ന് ഗുരു അമ്മന്നൂർ ആട്ടപ്രകാരമെഴുതിയ ആശ്ചര്യചൂഡാമണിയിലെ പർണ്ണശാലാങ്കം കൂടിയാട്ടം അരങ്ങേറി. കൂടിയാട്ടത്തിൽ ലക്ഷ്മണനായി മാർഗി മധു ചാക്യാരും ലളിതയായി ഉഷാ നങ്ങ്യാരും രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവും കലാമണ്ഡലം ഹരിഹരനും , കലാമണ്ഡലം മണികണ്ഠനും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും താളത്തിൽ
കപില വേണു , സരിതാകൃഷ്ണകുമാർ , ആതിരാ ഹരിഹരൻ , ഗുരുകുലം ശ്രുതി എന്നിവരും ചമയത്തിൽ കലാമണ്ഡലം സതീശനും പങ്കെടുത്തു.
രണ്ടാം ദിവസമായ വെള്ളിയാഴ്ച കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപികയായ ഡോ. സി കെ ജയന്തി ഗ്രന്ഥ പാഠവും രംഗ പാഠങ്ങളും കൂടിയാട്ടത്തിൽ എന്ന വിഷയത്തിൽ പ്രബന്ഥം അവതരിപ്പിക്കും തുടർന്ന് ധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടം അരങ്ങേറും .ബലരാമനായി ഗുരുകുലം തരുണും കൃഷ്ണനായി സൂരജ് നമ്പ്യാരും എന്നിവർ അരങ്ങിലെത്തും.