മണിപ്പൂർ കലാപം; പ്രതികരണവുമായി ഇരിങ്ങാലക്കുട രൂപത; കലാപങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ വേദനയെന്നും രൂപത; കലാപത്തിലെ ഇരകളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജൂലൈ 1 ന് ദേശീയ പാതയിൽ ” സ്നേഹചങ്ങല ” തീർക്കാൻ തീരുമാനം …

 

മണിപ്പൂർ കലാപം; പ്രതികരണവുമായി ഇരിങ്ങാലക്കുട രൂപത; കലാപങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ വേദനയെന്നും രൂപത; കലാപത്തിലെ ഇരകളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജൂലൈ 1 ന് ദേശീയ പാതയിൽ ” സ്നേഹചങ്ങല ” തീർക്കാൻ തീരുമാനം …

ഇരിങ്ങാലക്കുട : മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി ഇരിങ്ങാലക്കുട രൂപത .രണ്ട് മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും കലാപം രണ്ട് മാസം പിന്നിട്ടിട്ടും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ വേദനയുണ്ടെന്നും മണിപ്പൂരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും മതനിരപേക്ഷത നിലനിർത്താൻ കേന്ദ്രസർക്കാർ മുൻകൈ എടുക്കണമെന്നും കലാപത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും നാശനഷ്ടം നേരിട്ട പള്ളികൾക്കും സ്ഥാപനങ്ങൾക്കും വീടുകൾക്കും നഷ്ടപരിഹാരം നൽകണമെന്നും ഇരിങ്ങാലക്കുട രൂപത ആവശ്യപ്പെട്ടു. മണിപ്പൂരിൽ കലാപങ്ങൾ നടക്കുന്ന വേളയിൽ , ഇന്ത്യയിൽ ജാതി – മത വിവേചനമില്ലെന്ന് അമേരിക്കയിൽ പ്രസംഗിച്ച പ്രധാനമന്ത്രിയുടെ നടപടി ശരിയായില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ജനാധിപത്യം ഫാസിസമാണ്.

ഗുജറാത്ത് കലാപവേളയിലും ഒറീസ്സ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ വർഗ്ഗീയ – വംശീയ കലാപ സമയത്തും കത്തോലിക്ക സഭ പ്രതികരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുളള ആശങ്കകൾ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിട്ടുണ്ട്. മണിപ്പൂരിലെ കലാപങ്ങളിൽ പ്രതികരിച്ച് കൊണ്ട് മെയ് 31 ന് അഖിലേന്ത്യാതലത്തിൽ പ്രാർഥനായജ്ഞം ആചരിച്ചിരുന്നു. കലാപങ്ങൾ കെട്ടടങ്ങുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. മണിപ്പൂർ കലാപങ്ങളിൽ പ്രതികരിച്ച് കൊണ്ട് ജൂലൈ 1 ന് വൈകീട്ട് 5.30 മുതൽ 6.15 വരെ രൂപതയിലെ 141 ഇടവകകളിൽ നിന്നുള്ള വിശ്വാസി പ്രതിനിധികൾ ദേശീയ പാതയിൽ ചാലക്കുടി പാലം മുതൽ കുറുമാലി പാലം വരെ മെഴുകുതിരി കത്തിച്ച് പിടിച്ച് സ്നേഹചങ്ങല സൃഷ്ടിക്കുമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു. രൂപത വികാരി ജനറാൾമാരായ ഫാ ജോസ് മഞ്ഞളി, ഫാ. വിൽസൻ ഈരത്തറ, കൺവീനർ ഫാ ജോളി വടക്കൻ, പിആർഒ ഫാ. ജിനോ മാളക്കാരൻ , പാസ്റ്ററൽ കൗൺസിൽ മെമ്പർ ടെൽസൻ കേട്ടോളി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: