ബൈക്കിലെത്തി മാല മോഷണം: പിടികിട്ടാപ്പുള്ളി പതിനേഴ് വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ …
ചാലക്കുടി: വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പൂചിറയിൽ ക്ഷീര കർഷക സൊസൈറ്റിയിൽ ജോലി ചെയ്തിരുന്ന യുവതിയുടെ മാല പൊട്ടിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ ചാലക്കുടി ഡി.വൈ.എസ്. പി. ടി.എസ് സിനോജും സംഘവും ചേർന്ന് പിടികൂടി. വരന്തരപ്പിള്ളി കരുവാപ്പടി സ്വദേശി പാമ്പുങ്കാടൻ വീട്ടിൽ സനു എന്ന സനോജ് (36 വയസ്) അറസ്റ്റിലായത് . രണ്ടായിരത്തി ആറാമാണ്ട് ഒക്ടോബർ മാസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് രണ്ടു ബൈക്കുകളിലായി എത്തിയ സനോജും സംഘവും ക്ഷീര കർഷക സൊസൈറ്റിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയുടെ അടുത്തേക്ക് വരികയും അവരോട് സ്ഥലവിവരങ്ങൾ ചോദിച്ചറിയാനെന്ന ഭാവേന യുവതിയുടെ കഴുത്തിൽ കിടന്നിരുന്ന മാല ബലമായി പൊട്ടിച്ചെടുക്കുകയും ബൈക്കിൽ കടന്നുകളയുമായിരുന്നു .
കേസിൽ പിടിയിലായതിനു ശേഷം ജാമ്യത്തിലിറങ്ങിയ സനോജ് വിവിധ ഇടങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു. തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്റേ ഐ പി എസിന്റെ നിർദേശാനുസരണം ബൈക്കിലെത്തി മാല മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിനിടയിലാണ് സനോജ് കുടുങ്ങിയത്.
ഇയാളെ പിടികൂടിയ സംഘത്തിൽ വെള്ളിക്കുളങ്ങര സബ്ബ് ഇൻസ്പെക്ടർ ജെയ്സൻ ജെ, പി ആർ ഡേവീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് ,
വി.ജി സ്റ്റീഫൻ, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് എന്നിവരും ഉണ്ടായിരുന്നു.
പിടിയിലായ സനോജിനെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.