കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് റോഡിലെ കച്ചവട സ്റ്റാളുകള്‍ ലേലത്തിന് നല്‍കിയതിലൂടെ ദേവസ്വത്തിന് ലഭിച്ച തുക നഗരസഭയില്‍ തിരിച്ചടക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനം;
വിയോജിപ്പോടെ ബിജെപി കൗണ്‍സിലര്‍മാര..
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് റോഡില്‍ കച്ചവട സ്റ്റാളുകള്‍ ലേലത്തിന് നല്‍കിയതിലൂടെ ദേവസ്വത്തിന് ലഭിച്ച തുക നഗരസഭയുടെ ഫണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്ന ആവശ്യം വേണ്ടെന്നുവക്കുവാന്‍ കൗണ്‍സിലില്‍ തീരുമാനിച്ചു. ബിജെപി അംഗങ്ങളുടെ വിയോജിപ്പോടെയാണ് കൗണ്‍സിലില്‍ ഇക്കാര്യം തീരുമാനമായത്. മുന്‍കാലങ്ങളില്‍ വിരലിലെണ്ണാവുന്ന സ്റ്റാളുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും തെക്കേ നടയിലെ സംഗമ വേദിയില്‍ പരിപാടികള്‍ ആരംഭിച്ചതോടെ ഈ ഭാഗത്ത് കൂടുതല്‍ സ്റ്റാളുകള്‍ ആരംഭിക്കുകയും തിരക്ക് കൂടുകയും ഇതുമൂലം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടതായും നഗരസഭയില്‍ ഇതു സംബന്ധിച്ച് രണ്ട് പരാതികളാണ് താന്‍ നല്‍കിയതെന്നു ബിജെപി കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ പറഞ്ഞു. സ്റ്റാളുകളുടെ വിഷയം മാത്രമല്ല ഉത്സവത്തിനു ശേഷം ചെരിപ്പുകളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദേവസ്വം പറമ്പില്‍ ജെസിബി ഉപയോഗിച്ച് കുഴിച്ച് മൂടിയിരുന്നു. ഇത് പിന്നീട് പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും കുഴിച്ചിട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരികെ പുറത്തെടുക്കുകയും ചെയ്തിരുന്നു. കുട്ടംകുളത്തിന് തെക്കേ ഭാഗത്തെ റോഡില്‍ മുമ്പ് സ്റ്റാളുകള്‍ നഗരസഭയാണ് ലേലം ചെയ്തിരുന്നത്. പിന്നീട് ഇവിടെ സ്റ്റാളുകള്‍ അനുവദിക്കാതിരിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. നഗരസഭയുടെ വസ്തുവകകള്‍ കയ്യേറാന്‍ ആരേയും അനുവദിക്കരുതെന്നും സ്റ്റാളുകള്‍ക്ക് തറവാടക വാങ്ങിയിരിക്കണമെന്നും ബിജെപി കൗണ്‍സിലര്‍മാരായ ടി.കെ. ഷാജു, സ്മിത കൃഷ്ണകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഉത്സവത്തിനു ഉയര്‍ത്തിയ സംഗമ വേദിയാണ് പലരേയും അസ്വസ്ഥരാക്കിയതെന്നും ഭരണസമിതിയോടുള്ള വൈരാഗ്യം തീര്‍ക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത്തരം കടന്നു കയറ്റങ്ങള്‍ നടത്താന്‍ ആരേയും അനുവദിക്കരുതെന്നും നാടിന്റെ സൗഹാര്‍ദം എന്നും കാത്തു സൂക്ഷിക്കണമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, അല്‍ഫോണ്‍സ തോമസ്, ടി.കെ ജയാനന്ദന്‍, കോണ്‍ഗ്രസ് അംഗം സോണിയ ഗിരി എന്നിവര്‍ ആവശ്യപ്പെട്ടു. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള സ്റ്റാളുകളില്‍ തറവാടക ഈടാക്കിയിരുന്നില്ലെന്നും ദേവസ്വത്തിന് ലഭിച്ച തുക തിരികെ നല്‍കേണ്ടെന്നും തീരുമാനിക്കുകയായിരുന്നു.അജണ്ടകള്‍ക്കു മുമ്പ് നഗരസഭയിലെ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ ബിജെപി അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചിരുന്നു. കരാറുകാര്‍ക്ക് എട്ടുമാസമായി കരാര്‍തുക നല്‍കിയില്ലെന്നും ഇവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ തിങ്കളാഴ്ചക്കകം തീരുമാനമുണ്ടാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ പ്രവര്‍ത്തനരഹിതമായ ജലസംഭരണിയുടെ രണ്ടു തൂണുകള്‍ അപകടാവസ്ഥയിലാണെന്നും ഇത് ഏതു നിമിഷവും വീഴാറായ അവസ്ഥയിലാണെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് ആവശ്യപ്പെട്ടു. വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ളി, കൗണ്‍സിലര്‍മാരായ എം.ആര്‍. ഷാജു, ജെയ്‌സണ്‍ പാറേക്കാടന്‍, അമ്പിളി ജയന്‍, നെസീമ കുഞ്ഞുമോന്‍, രാജി കൃഷ്ണകുമാര്‍, അംബിക പള്ളിപ്പുറത്ത്, ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.