മണിപ്പൂരിൽ നടപ്പിലാക്കുന്നത് ആർഎസ്എസ് ന്റെ ക്രിസ്ത്യൻ വിരുദ്ധ അജണ്ടയെന്ന് വ്യന്ദ കാരാട്ട്; ബിജെപി പ്രേമം നടിക്കുന്ന ക്രൈസ്തവ നേതാക്കളും പുരോഹിതരും ക്രൈസ്തവ വേട്ട നടക്കുന്ന ചത്തീസ്ഗഡ് സന്ദർശിക്കണമെന്ന് അഭ്യർഥിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ; ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇരിങ്ങാലക്കുടയിൽ മഹിളാ അസോസിയേഷന്റെ നേത്യത്വത്തിൽ ഐക്യനിര ..
.
ഇരിങ്ങാലക്കുട : ആർഎസ്എസ് ന്റെ നേത്യത്വത്തിൽ രൂപപ്പെടുത്തിയിട്ടുള്ള ക്രിസ്ത്യൻ വിരുദ്ധ അജണ്ടയാണ് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ മണിപ്പൂരിൽ നടപ്പിലാക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് . സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട മണിപ്പൂർ സർക്കാരിനെ പുറത്താക്കണമെന്നും വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം ഇത് സംബന്ധിച്ച് വിളിച്ച് ചേർക്കണമെന്നും വ്യന്ദ കാരാട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക് എതിരായ കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഇരിങ്ങാലക്കുടയിൽ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഐക്യനിര ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഡബിൾ എഞ്ചിൻ ഭരണം പരാജയപ്പെട്ടതിന്റെ കുറ്റബോധമാണ് വിഷയത്തിലുള്ള പ്രധാനമന്ത്രിയുടെ മൗനത്തിൽ നിഴലിക്കുന്നത്. മണിപ്പൂരിൽ ക്രിസ്ത്യൻ മത വിഭാഗത്തിൽ ഉൾപ്പെട്ടവരെയാണ് വേട്ടയാടുന്നതെങ്കിൽ ആസ്സാമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീം വിഭാഗങ്ങളെയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ശിശു വിവാഹ നിരോധന നിയമം ദുരുപയോഗപ്പെടുത്തി ആറായിരത്തോളം മുസ്ലിം യുവാക്കളെയാണ് തടവിൽ ഇട്ടത്. ചത്തീസ്ഗഡ്ഡിൽ ക്രൈസ്തവ മതത്തിലേക്ക് മാറിയ ഗോത്രവർഗ്ഗ വിഭാഗങ്ങളാണ് ക്രൂരതകൾക്ക് ഇരയാകുന്നത്. റബറിന് മുന്നൂറ് രൂപ ആക്കിയാൽ പാർലമെന്റ് സീറ്റ് ബിജെപിക്ക് വാഗ്ദാനം ചെയ്ത ക്രിസ്ത്യൻ മത മേധാവികൾ ദയവായി ചത്തീസ്ഗഡ്ഡ് സന്ദർശിക്കാൻ തയ്യാറാകണം. ആദിവാസി ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുള്ള ക്രൂരതകളും പള്ളികൾ തകർക്കുന്നത് തടയാനും ചത്തീസ്ഗഡ്ഡ് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ അനങ്ങിയില്ല. ഒരു ബിഷപ്പും ക്രിസ്ത്യൻ നേതാവും ചത്തീസ്ഗഡ്ഡിൽ എത്തിയിട്ടില്ല.എകീകൃത സിവിൽ നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതാണ് ബിജെപി സ്റ്റോറി എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ടൗൺഹാളിൽ നടന്ന യോഗത്തിൽ അസോസിയേഷൻ ദേശീയ പ്രസിഡണ്ട് പി കെ ശ്രീമതി ടീച്ചർ അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ കേന്ദ്ര-സംസ്ഥാന – ജില്ലാ നേതാക്കളായ സൂസൻ കോടി , സി എസ് സുജാത , എൻ സുകന്യ, ഉഷ പ്രഭുകുമാർ , മേരി തോമസ്, പി കെ സൈനബ, കെ പി സുമതി, അഡ്വ കെ ആർ വിജയ , സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.